തിരൂർ : തിരൂർ ബിപി അങ്ങാടി കോലുപ്പാലത്തിനടുത്ത് മുസ്ല്യാരങ്ങാടിയിൽ റോഡരികിൽ ഭർത്താവ് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കുത്തി വീഴ്ത്തി. കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
ഇന്നലെ വൈകിട്ടു അഞ്ചിനാണ് സംഭവം. പൊയിലിശേരി തെരുളിപ്പറന്പിൽ സിദ്ദിഖ് (35) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ താജുന്നീസ (28)യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിലായിരുന്ന സിദ്ദിഖ് സംശയരോഗത്തിലും മദ്യലഹരിയിലും ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്നു തിരൂർ എസ്ഐ സുമേഷ് സുധാകർ പറഞ്ഞു. കൈനിക്കര സ്വദേശി സൂർപ്പിൽ മൊയ്തീൻകുഞ്ഞാണ് താജുന്നീസയുടെ പിതാവ്.
മൂന്നു മക്കളുള്ള താജുന്നീസ ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. നാട്ടുകാരുടെ മധ്യസ്ഥതയിൽ ബന്ധം തുടരാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ദാന്പത്യജീവിതം പ്രശ്നത്തിലായതോടെ വീണ്ടും വേർപിരിഞ്ഞു കഴിയുകയായിരുന്നു.
വിവാഹ മോചനത്തിനായി ഇരുവരും തമ്മിലുള്ള കേസ് നടന്നു വരികയാണ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. സ്കൂൾവിട്ടു വന്ന കുട്ടികളെ കൊണ്ടുപോകാനെത്തിയ താജുന്നീസയെ പിറകിലൂടെയെത്തി സിദ്ദിഖ് കുത്തുകയായിരുന്നു. കുത്തേറ്റയുടനെ ബോധരഹിതയായി വീണ താജുന്നീസയെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും മാറ്റി.