മൂവാറ്റുപുഴ: ടെലിഫോണ്‍ ചാർജ് അടച്ചാലും കണക്ഷൻ വിച്ഛേദിക്കുന്നതായി പരാതി. മാസവാടക ഒരു ആഴ്ച മുന്‍പേ അടച്ചെങ്കിലും ഇതൊന്നും കണക്ഷൻ വിച്ഛേദിക്കാൻ തടസമാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വാടക അടച്ചകാര്യം പറയുന്പോൾ കൈമലർത്തുകയും ചെയ്യും.
മാസവാടക അടച്ചിട്ടും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചതിനെതിരേ പ്രതിഷേധവുമായി വ്യാപാരി രംഗത്തു വന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കച്ചേരിത്താഴം ഉഷ ഡീലർ ഉടമ പി.കെ. രാമൻ നായരെയാണ് ടെലിഫോണ്‍ വകുപ്പ് വട്ടംകറക്കിയത്.
കഴിഞ്ഞ 18 ന് മുന്‍പ് വാടകയായ 565 രുപ അടയ്ക്കണമെന്നാണ് ബിഎസ്എൻഎൽ അധികൃതർ ബില്ലിൽ പറഞ്ഞിരിക്കുന്നത്. അഞ്ചിനു തന്നെ മാർക്കറ്റ് പോസ്റ്റ് ഓഫീസിൽ പണം അടച്ചു രസീസ് വാങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുകയായിരുന്നു.
വർഷങ്ങളായി സ്ഥാപനത്തിൽ ലാൻഡ് ഫോണ്‍ ഉപയോഗിക്കുന്ന രാമൻ നായർ ബിഎസ്എൻഎൽ ഓഫീസിലെത്തി വിവരം തിരക്കിയപ്പോഴുള്ള മറുപടിയാണ് വിചിത്രമായത്. പണം അടച്ചില്ലെങ്കിൽ ഞങ്ങൾ ആരുടെയും ഫോണും കട്ടു ചെയ്യും. അടക്കേണ്ട അവസാന ദിവസത്തിന് ഒരാഴ്ച മുന്‍പേ പണം അടച്ചതാണെന്ന തെളിവ് കാണിച്ചതോടെ ഉദ്യോഗസ്ഥർ വെട്ടിലായി.
പോസ്റ്റ് ഓഫീസിൽ പണം അടച്ചതു സാങ്കേതിക തകരാർ മൂലം അറിയാൻ കഴിയാത്തതാണ് ടെലിഫോണ്‍ കണക്ഷൻ വിച്ഛേദിക്കാൻ കാരണമായതെന്ന ന്യായം നിരത്തി ഉദ്യോഗസ്ഥർ തലയൂരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ടെലിഫോണ്‍ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.