കല്ലറ: യുവതിയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാനിവാസിൽ റിജു( 35), ഇയാളുടെ മാതാവ് സുശീല(65), സഹോദരി ബിന്ദു(40) എന്നിവരാണ് അറസ്റ്റിലായത്.
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ അഞ്ജു(26), ഒൻപത് മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28 ന് വൈകുന്നേരം മൂന്നിന് മിതൃമ്മലയിലെ കുടുംബ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുമ്പായിരുന്നു അഞ്ജുവിന്റെ വിവാഹം.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി
പോലീസ് കേസെടുത്തു. അന്വേഷണത്തിൽ യുവതി ഭർതൃഗൃഹത്തിൽ സാമ്പത്തികവും മാനസികവുമായ പീഡനത്തിനു വിധേയയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസ് ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ ഏറ്റെടുക്കുകയും കുറ്റക്കാരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.