ദുബായ്: ഏഷ്യ കപ്പ് ഫൈനൽ കലാശപ്പോരാട്ടത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റൺസിന് തകർത്താണ് ബംഗ്ലാദേശ് ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസിൽ അവസാനിച്ചു.
മൂന്നു വിക്കറ്റിന് 12 റണ്‍സുമായി പതറിയ ബംഗ്ലാദേശിനെ മുഷ്ഫിഖര്‍ റഹീം-മുഹമ്മദ് മിഥുന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 144 റണ്‍സാണ് മികച്ച നിലയിലേക്കു നയിച്ചത്. മിഥുന് 84 പന്തില്‍ 60 റൺസും റഹീമും 116 പന്തില്‍ 99 റൺസും നേടി. പിന്നീട് മഹമൂദുള്ള (25) ഒഴിച്ച് ആർക്കും പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കത്തിൽ തന്നെ പിഴച്ചു. അവരുടെ ഓപ്പണറായ ഫഖർ സൽമാനെ ഒരു റൺസിന് നഷ്ടമായി. തുടർന്നു കളത്തിലെത്തിയ ബാബർ ആസമിനും ഒരു റൺസ് മാത്രമാണ് പാക്കിസ്ഥാനായി സംഭാവന ചെയ്യാൻ സാധിച്ചത്. പാക്കിസ്ഥാനായി അഞ്ച് താരങ്ങൾക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 105 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 83 റൺസെടുത്ത ഇമാം ഉൾ ഹഖാണ് ടോപ്പ് സ്കോറർ.
ബംഗ്ലാദേശിനായി മുസ്തഫീസർ റഹ്മാൻ നാല് വീക്കറ്റ് വീഴ്ത്തി. മെഹിദി ഹസൻ രണ്ടും റൂബൽ ഹുസൈനും മഹമൂദുള്ളയും സൗമ്യ സർക്കരും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. വെള്ളിയാഴ്ചയാണ് ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോര്.