അഞ്ചാം പതിപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇനി രണ്ടു നാള്. ശനിയാഴ്ചയാണ് അഞ്ചാം സീസണു തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എപ്പോഴത്തെയും പ്രധാന വൈരികളായ കോല്‍ക്കത്തയുടെ എടികെയെ നേരിടും. ഏകദേശം അഞ്ചു മാസമാണ് ലീഗ് നീളുക. ഇതില്‍ ഡിസംബര്‍ വരെയുള്ള മത്സരക്രമമേ ഐഎസ്എല്‍ നല്‍കിയിട്ടുള്ളൂ. ഇത്തവണ പല മാറ്റങ്ങളുമായാണ് അഞ്ചാം സീസണ്.
മൂന്നു മിഡ്സീസണ്‍ ഇടവേളകളാണ് ഈ സീസണിലുള്ളത്. ഇങ്ങനെ നല്കുന്ന ഇടവേളയെക്കുറിച്ച് പത്ത് ഐഎസ്എല്‍ ടീമുകളുടെ പരിശീലകര്‍ക്കും അന്താരാഷ്ട്ര കളിക്കാര്‍ക്കും സമ്മിശ്ര പ്രതികരണമാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു ഇടവേളകള്‍ വരുന്നത്.
ഇന്ത്യന്‍ ദേശീയ ടീമിന്റെ 2019 എഎഫ്സി ഏഷ്യന്‍ കപ്പിന്റെ തയാറെടുപ്പിനായാണ് ഐഎസ്എല്‍ സംഘാടകര്‍ ഇടവേളകള്‍ നല്‍കുന്നത്. ജനുവരി അഞ്ചു മുതലാണ് ഏഷ്യന്‍ കപ്പിനു തുടക്കമാകുന്നത്. ലീഗില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും ഇടവേളകള്‍ ഫിഫയുടെ അന്താരാഷ് ട്ര മത്സരങ്ങളുടെ ഷെഡ്യൂളിനൊപ്പമാണ്. ലീഗിലെ ആദ്യ ഇടവേള ഒക്ടോബര്‍ എട്ടു മുതല്‍ 16 വരെയാണ്. ഈ സമയത്താണ് ഇന്ത്യ ചൈനയില്‍ സൗഹൃദ മത്സരത്തിനായി പോകുന്നത്.
ലീഗില്‍ രണ്ടാമത്തെ ഇടവേളയാകുമ്പോള്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 12 മുതല്‍ 20 വരെയാണ് രണ്ടാമത്തെ ഇടവേള. ഈ സമയത്ത് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സൗദി അറേബ്യയെ ഇന്ത്യയിലേക്കു സൗഹൃദ മത്സരത്തിനു ക്ഷണിക്കാന്‍ ശ്രമിക്കുന്നുണ്ട്. മൂന്നാമത്തെ ഇടവേള ദൈര്‍ഘ്യമേറിയതാണ് മൂന്നാമത്തെ ഇടവേള ഡിസംബര്‍ 17 മുതല്‍ ഫെബ്രുവരി ആദ്യ ആഴ്ചവരെയാകുമിത്. ജനുവരിയില്‍ തുടങ്ങുന്ന ഏഷ്യന്‍ കപ്പ് അപ്പോഴേക്കും പൂര്‍ത്തിയാകും. ഫെബ്രുവരി ഒന്നിനാണ് ഏഷ്യന്‍ കപ്പ് ഫൈനല്‍.
ഡിസംബറിലെ ഇടവേളകള്‍ ദേശീയ ടീമുകളുടെ ഏഷ്യന്‍ കപ്പിന്റെ തയാറെടുപ്പുകളെ ഉദ്ദേശിച്ചാണ്. ജനുവരി അഞ്ചു മുതല്‍ ഫെബ്രുവരി ഒന്നു വരെ യുഎഇയിലാണ് ഏഷ്യന്‍ കപ്പ് നടക്കുന്നത്.
ഇടവേളകള്‍ ലീഗിന്റെ ഒഴുക്കിനെ തടസമാക്കുമെന്നും ക്ലബ് പരിശീലകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഇടവേളകളില്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളേതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്ന പരിശീലകരുമുണ്ട്.
ഐഎസ്എലിന് ഇതു ഗുണം ചെയ്യില്ലെന്നും ഒരു ഇടവേള നല്ലതാണ്. മൂന്നു ഇടവേളകള്‍ കുറച്ചു കൂടുതലാണ്; ഇത് കളിക്കാര്‍ക്ക് ഗുണം ചെയ്യില്ല എന്ന് എഫ്സി പൂന സിറ്റി പരിശീലകന് മിഗ്വല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു. ഇടവേളകള്‍ക്കുശേഷം പരിശീലകര്‍ക്കും കളിക്കാര്‍ക്കും ലീഗിന്റെ അവസ്ഥയിലേക്കു വരാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടവേളകള്‍ കളിക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്ന് എഫ്സി ഗോവ പരിശീലകന് ഫെറാന്‍ കോറോമിനാസ് പറഞ്ഞു. എന്നാല്‍ കളിക്കാര്‍ ഇങ്ങനെയുള്ള അവസ്ഥ ഉള്‍ക്കൊള്ളാന്‍ പഠിക്കണം. ഇടവേളകളും ഒപ്പം ലീഗിലെ മത്സരങ്ങളുമായി ഒത്തുചേര്‍ന്നു പോകാന്‍ കഴിവുള്ളവരായിരിക്കും ലീഗിലെ ആദ്യ നാലു സ്ഥാനങ്ങളിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എലിന്റെ ഭൂരിഭാഗം പരിശീലകരും കളിക്കാരും ഇടവേളകളെ പോസിറ്റീവായാണ് എടുത്തിരിക്കുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ ഇടവേളകള്‍ ഉള്ളതാണ്. ഇടവേളയില്‍ ലീഗിലെ മത്സരങ്ങളില്‍ ടീമിനുവരുത്തേണ്ട മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോകത്തെ എല്ലാ ലീഗ് മത്സരങ്ങള്‍ക്കും ഇടവേളകളുണ്ട്.
ഫിഫ അന്താരാഷ് ട്ര മത്സരങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് എല്ലാ ലീഗുകളിലും ഇടവേളകള്‍ ഉണ്ടാകുന്നുണ്ട്. ഇടവേളയ്ക്കു മുമ്പ് നന്നായി കളിച്ച ടീമുകള്‍ക്ക് ഈ ഇടവേളകള്‍ ചിലപ്പോള്‍ ഗുണം ചെയ്യില്ലായിരിക്കും. എന്നാല്‍ മോശമായി കളിച്ചുകൊണ്ടിരുന്ന ടീമിന് ഇത് ഗുണം ചെയ്യും. കാരണം അവര്‍ക്ക് പുതിയൊരു മനസോടെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകുമെന്ന് മുംബൈ സിറ്റി ക്യാപ്റ്റന്‍ ലൂസിയന്‍ ഗോയിന് പറഞ്ഞു.
യൂറോപ്പ്, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് നാല്പതു ദിവസത്തെ ഇടവേള സന്തോഷം നല്കുന്ന കാര്യമാണ്. അവര്‍ക്കും ആ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ ങ്ങൾ കുടുംബവുമായി ചെലവഴിക്കാനാകും.