ഹൈക്കോടതി സ്റ്റേ കാര്യമാക്കുന്നില്ല; ഒക്ടോബർ രണ്ടിന് പണിമുടക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കാര്യമാക്കുന്നില്ലെന്നും പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നുമാണ് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരിക്കുന്നത്.

കെഎസ്ആർടിസി അവശ്യ സർവീസ് ആണെന്നും നടപടിക്രമം പാലിക്കാതെയാണ് തൊഴിലാളി സംഘടനകളുടെ നീക്കമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പണിമുടക്ക് സ്റ്റേ ചെയ്തത്.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എംഡി ടോമിൻ തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങളിലും ഭരണ-പ്രതിപക്ഷ യൂണിയനുകൾക്ക് കടുത്ത അതൃപ്തിയുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി മുൻകൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Related posts