മൂവാറ്റുപുഴ: തൃക്കളത്തൂർ കുരുട്ടായിമല വിണ്ടുകീറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ കുരുട്ടായിമലയുടെ ഒരു ഭാഗമാണ് വിണ്ടുകീറിയത്. തൊഴിലുറപ്പ് തൊഴിലാളികൾ മലയിൽ ഉയർന്നു നിൽക്കുന്ന കാടുകൾ വെട്ടിതെളിച്ചപ്പോഴാണ് മല രണ്ടായി വിണ്ടിരിക്കുന്നത് കണ്ടത്. കനത്ത മഴയെത്തുടർന്നാകാം മല വിണ്ടുകീറിയതെന്നു നാട്ടുകാർ പറയുന്നു.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്തു വിശദമായ പഠനം നടത്തിയാലെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. പായിപ്ര പഞ്ചായത്തിലെ ഏറിയ ഭാഗവും മലകളാൽ ചുറ്റപ്പെട്ട പ്രദേശങ്ങളാണ്. ഈ മലകളെല്ലാം ഇല്ലാതാക്കാൻ മണ്ണു മാഫിയയും കരിങ്കൽ ക്വാറി മാഫിയയും ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു.
ചാരപ്പാട് മല, തൃക്കളത്തൂർ മല, ഇപ്പോൾ കുരുട്ടായിമലയും ഇവരുടെ നിയന്ത്രണത്തിലാണ്. കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്ന പായിപ്ര പഞ്ചായത്തിൽ മലകൾ പൂർണതോതിൽ നിലനിന്നിരുന്ന സമയത്ത് കിണറുകളിൽ ധാരാളം വെള്ളം ലഭിക്കുമായിരുന്നു.
മല തുരക്കൽ ആരംഭിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായതായി നാട്ടുകാർ പറയുന്നു. മലയുടെ വിള്ളൽ വാർത്ത അറിഞ്ഞതോടെ താഴ്വാരങ്ങളിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ ഭീതിയിലായിരിക്കുകയാണ്. ഏകദേശം 25 ഏക്കറോളം വരുന്നതും പലരുടേയും കൈവശത്തിലുള്ളതുമായ മല തൃക്കളത്തൂരിൽനിന്ന് ആരംഭിച്ച് ആറളികാവ് മലയിലാണ് അവസാനിക്കുന്നത്.