മുതലമട: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയജലംമൂലം നാശം നേരിട്ട പുളിയന്തോണി- നിലന്പതിപ്പാലം റോഡ് സുരക്ഷിതമായി പുനർനിർമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഏഴു സ്വകാര്യബസുകളും വിദ്യാർഥികളെ കയറ്റിയ ഇരുപതോളം വാഹനങ്ങളും അപകടഭീഷണി മുന്നിൽ കണ്ടാണ് സഞ്ചരിക്കുന്നത്.
പാലത്തിന്റെ പടിഞ്ഞാറുവശത്ത് പത്തുമീറ്ററോളം നീളത്തിലാണ് പാതയൊഴുകി നശിച്ചത്. വെള്ളം കവിഞ്ഞൊഴുകിയതിനാൽ പാലത്തിന്റെ കൈവരികൾ പൂർണമായി നശിച്ചിരിക്കുകയാണ്.കാന്പ്രത്ത്ചള്ള ടൗണിൽനിന്നും പള്ളം, തിരിഞ്ഞുകൊളുന്പ്, ചെട്ടിയാർച്ചള്ള, മുതലമട റെയിൽവേ സ്റ്റേഷൻ, നന്ദിയോട് എന്നിവിടങ്ങളിലേക്കുള്ള ഏകമാർഗമാണ് പുളിയന്തോണി-നിലന്പതിപാലം.
നാട്ടുകാരുടെ ഗതാഗതസൗകര്യം കണക്കിലെടുത്ത് തകർന്ന റോഡ് മെറ്റലിട്ട് താത്കാലികമായി പുനർനിർമിച്ചു. എന്നാൽ കൈവരിക്കുപകരം തകരവീപ്പകൾ ഇരുവശത്തും വച്ചതിനാൽ റോഡ് വീതികുറഞ്ഞു വാഹനസഞ്ചാരം അപകടത്തിലാണ്. പാലത്തിന്റെ പടിഞ്ഞാറുവശം എൽ ആകൃതിയിലുള്ള കുത്തനെയുള്ള തിരിവാണ്.
ഏകദേശം അന്പതുവർഷംമുന്പ് പണിത നിലന്പതിപ്പാലവും ദുർബലാവസ്ഥയിലാണ്. മഴപെയ്താൽ താത്കാലികമായി നിർമിച്ച റോഡിന് ഇരുവശത്തും മണ്ണൊലിപ്പിനുള്ള സാധ്യത ഏറെയാണ്. പാതയ്ക്കു വീണ്ടും തകർച്ച നേരിട്ടാൽ മുതലമട ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികളുടെ സഞ്ചാരമാർഗവും ഇല്ലാതാകും.