കൊല്ലം :സ്ഥിരം യാത്രക്കാരുള്ള വൈകിയോടുന്ന തീവണ്ടികൾ കൃത്യസമയത്ത് ഓടിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പു നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ട്രെയിനുകളുടെ വൈകിയോട്ടവും റദ്ദാക്കലും മൂലം സ്ഥിരം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടും സർക്കാർ ജീവനക്കാർ നേരിടുന്ന പ്രതിസന്ധിയും എൻ.കെ. പ്രേമചന്ദ്രൻ എം.പി ദക്ഷിണ റയിൽവേ ജനറൽ മാനജർ വിളിച്ചു ചേർത്ത എം.പി മാരുടെ യോഗത്തിൽ ഉന്നയിച്ചു.
എം.പി മാരുടെ ശക്തമായ നിലപാടിനെ തുടർന്നാണ് ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ സ്ഥിരം യാത്രക്കാരുള്ള ട്രെയിനുകൾ മുൻഗണന നൽകി കൃത്യസമയത്ത് ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകിയത്.കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്റെ നിർമ്മാണത്തിനായി ഈ മാസം അനുവദിച്ച 1.5 കോടി രൂപയ്ക്ക് പുറമെ റീഅപ്രോപ്രിയേഷനിലൂടെ 1.2 കോടി രൂപ കൂടി ഉടൻ അനുവദിക്കും.
കാലവർഷക്കെടുതിയെ തുടർന്ന് തകരാറിലായ ആര്യങ്കാവിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപണികൾ പൂർത്തിയായാലുടൻ കൊല്ലം-പുനലൂർ വഴി കൊച്ചുവേളി വേളാങ്കണ്ണി ട്രെയിൻ സർവ്വീസ് ആരംഭിക്കും.
അനന്തപുരി എക്സ്പ്രസ്സിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുത്തുമെന്നും ബന്ധപ്പെട്ടവർ ഉറപ്പുനൽകി.