ചക്കരക്കല്ല്: ചക്കരക്കൽ എസ്ഐയ്ക്കെതിരേ വ്യാജപ്രചാരണവും അസഭ്യവർഷവും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഇരിക്കൂർ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി അൻസാർ കുറ്റ്യാട്ടൂർ (30) നെയാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇരിക്കൂർ സ്വദേശികളായ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശി ഇ.കെ. അബ്ദുൾ സാലാം ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ വിദേശത്താണുള്ളത്. നിരവധിപേർക്കെതിരേ സംഭവത്തിൽ കേസെടുത്തിരുന്നു. പ്രചരിപ്പിക്കുന്നവർ ഏറെയും വിദേശത്താണുള്ളത്.
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപവന്റെ താലിമാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേയാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിനും പോലീസുകാർക്കുമെതിരേ പ്രചാരണം നടക്കുന്നത്.
2018 ജൂലൈ അഞ്ചിന് പെരളശേരിയിൽ വച്ച് രാഖി എന്ന വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് താജുദ്ദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൂടാതെ മാല നഷ്ടപ്പെട്ട വീട്ടമ്മയും സംഭവം നടന്ന സ്ഥലത്തുള്ളവരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.