കോട്ടയം: കോട്ടയത്തു നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന മൾട്ടി ആക്സിൽ ബസ് തിരുവനന്തപുരത്തേക്കു മാറ്റിയതു യാത്രക്കാർക്കു തിരിച്ചടിയാകുന്നു. കോട്ടയത്തു നിന്നും സർവീസ് ആരംഭിച്ചു ബംഗളൂരിലെത്തി തിരികെ കോട്ടയത്ത് എത്തുന്ന രീതിയിലായിരുന്നു മൾട്ടി ആക്സിൽ ബസിന്റെ ഷെഡ്യൂൾ. ഒരു മാസം മുന്പാണ് സർവീസ് തിരുവനന്തപുരത്തു നിന്നാക്കിയത്.
തിരുവനന്തപുരത്തു നിന്നും സർവീസ് ആരംഭിച്ചതോടെ ബസിന്റെ കണ്ടകശനി തുടങ്ങി. ഓണ്ലൈനിൽ നല്കിയിരിക്കുന്ന റിസർവേഷൻ സമയക്രമമനുസരിച്ച് ഉച്ചകഴിഞ്ഞ് രണ്ടിനു തിരുവനന്തപുരത്തു നിന്നും ബംഗളൂർക്ക് സർവീസ് ആരംഭിക്കുന്ന ബസ് വൈകുന്നേരം ആറിനു കോട്ടയം ഡിപ്പോയിൽ എത്തിച്ചേരേണ്ടതാണ്.
എന്നാൽ സർവീസ് ആരംഭിച്ചിട്ട് ഒരു ദിവസം പോലും ബസിനു കൃത്യസമയത്ത് കോട്ടയത്ത് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മറിച്ചു രണ്ടു മണിക്കൂർ വൈകി രാത്രി എട്ടിനാണു എത്തുന്നത്. അപ്പോഴേക്കും സീറ്റ് റിസർവ് ചെയ്ത യാത്രക്കാർ കാത്തു നിന്നു ക്ഷമകെട്ടിട്ടുണ്ടാകും.
ബസ് വൈകുന്നതിനെ ചൊല്ലി യാത്രക്കാർകെഎസ്ആർടിസി അധികൃതരുമായി വാഗ്വാദത്തിലേർപ്പെടുന്നതും പതിവ് കാഴ്ചയാണ്. ഇനി ബസ് കാൻസൽ ചെയ്താലും ഓണ്ലൈനിൽ റിസർവ് ചെയ്ത യാത്രക്കാരെ ബസ് ക്യാൻസൽ ചെയ്ത വിവരവും അറിയിക്കില്ല. ഇതോടെ യാത്രക്കാരുടെ ബംഗളൂരു യാത്ര മുടങ്ങുന്ന അവസ്ഥയാണ്.
ഉച്ചകഴിഞ്ഞു രണ്ടിനു തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിക്കാൻ ബസിനു കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്നം. ബംഗളൂരുവിൽ നിന്നും ബസ് വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. അറ്റകുറ്റപ്പണികൾ നടത്തി ബസ് സർവീസ് തുടങ്ങുന്പോഴേക്കും നാലു മണിയോടടുത്താകും. ബസ് സ്ഥിരമായി വൈകുന്നതോടെ പതിവു യാത്രക്കാർ ഉൾപ്പെടെയുള്ളവർ സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണ്.
ബസ് ബംഗളൂരുവിൽ നിന്നും തിരികെ തിരുവനന്തപുരത്തിനു പുറപ്പെടുന്പോൾ കോട്ടയം വരെ മാത്രമേ യാത്രക്കാരുള്ളു. ഇതോടെ ബസ് കോട്ടയത്തു നിന്നും നാലോ അഞ്ചോ യാത്രക്കാരുമായിട്ടാണു തിരുവനന്തപുരത്തിനു പോകുന്നത്. കഴിഞ്ഞ ബുധനാഴ്ച മൂന്നു യാത്രക്കാരുമായാണു ബസ് കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയത്. ചില ദിവസങ്ങളിൽ കണ്ടക്്ടറും ഡ്രൈവറും മാത്രമാണു കോട്ടയത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാനുള്ളു.
ബംഗളൂരുവിൽ നിന്നും തിരുവനന്തപുരം പോകുന്ന യാത്രക്കാർ കൂടുതലും ആലപ്പുഴ വഴിയുള്ള ബസിനെയാണ് ആശ്രയിക്കുന്നത്. കെഎസ്ആർടിസിയിൽ ഡീസൽ ക്ഷാമമുൾപ്പെടെയുള്ളവ നേരിടുന്പോൾ മൾട്ടി ആക്സിൽ ബസ് തിരുവനന്തപുരത്തു നിന്നും സർവീസ് ആരംഭിക്കുന്നത്ഏറെ നഷ്്ടമുണ്ടാക്കുന്നുവെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്.
സർവീസ് തിരുവനന്തപുരത്തേക്ക് മാറ്റിയത് കോട്ടയത്തു നിന്നും ബാംഗ്ലൂരുവിലേക്കു സർവീസ് നടത്തുന്നു സ്വകാര്യ ബസുകളെ സഹായിക്കാനാണെന്നു ആരോപണമുണ്ട്. ബസ് തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ സ്വകാര്യ ബസുകൾക്ക് ചാകര കാലമാണ്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു ബംഗളൂരു ബസ്് പഴയതു പോലെ കോട്ടയത്തു നിന്നും സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.