പത്തനംതിട്ട: എൽഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുള്ള ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം നൽകിയ നിർദേശം സ്വന്തം പ്രസിഡന്റ് തള്ളിയത് പാർട്ടിയെ വെട്ടിലാക്കി.പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നു കഴിഞ്ഞദിവസം കൂടിയ സിപിഎം ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് പ്രസിഡന്റ് ഗീത അനിൽ കുമാർ ഇന്നലെ പത്രസമ്മേളനം വിളിച്ച് വൈസ് പ്രസിഡന്റ് എൻ. രാജീവിനെതിരെ ആഞ്ഞടിച്ചത്.
പ്രസിഡന്റ് സ്ഥാനത്തു തുടരാനാണ് നീക്കമെങ്കിൽ അവിശ്വാസം അടക്കമുള്ള നടപടികളിലൂടെ പുറത്താക്കാനാണ് സിപിഎം തീരുമാനം.ഇരവിപേരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് എൻ. രാജീവ് ഏകപക്ഷീയമായി അധികാരങ്ങൾ കവർന്നെടുത്ത് തന്നെ റബർ സ്റ്റാന്പാക്കി മാറ്റിയെന്ന് പ്രസിഡന്റ് ഗീത അനിൽകുമാർ ആരോപിച്ചു. സ്ത്രീ എന്ന നിലയിൽ തന്നെ പദവികളിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയും ഭരണരംഗത്തു തനിക്കു സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഗീത അനിൽകുമാർ പറഞ്ഞു.
രാജീവ് തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള തന്നെ അപമാനിക്കുന്ന വിധമാണ് അദ്ദേഹം പെരുമാറുന്നത്. കൃത്യനിർവഹണത്തിനു തന്നെ അനുവദിക്കുന്നില്ല. പഞ്ചായത്ത് മുൻ ്പ്രസിഡന്റു കൂടിയായ രാജീവിനെതിരേ അഴിമതി ആരോപണവും അവർ ഉന്നയിച്ചു. ദേശീയ പുരസ്കാരം നേടിയ പഞ്ചായത്തിൽ രാജീവ് ചെയ്ത പ്രവർത്തനങ്ങൾ ജനകീയമായിരുന്നില്ലെന്നു ഗീത ആരോപിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മറന്നുകൊണ്ടുള്ള വികസനപ്രക്രിയ കൊണ്ട് നാടിനു പ്രയോജനമില്ല.
പ്രളയബാധിതമായ ഗ്രാമപഞ്ചായത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രസിഡന്റെന്ന നിലയിൽ തന്നെ മാറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ഗീത അനിൽ കുമാർ പറഞ്ഞു. ഇപ്പോഴും പഞ്ചായത്തിലെ നിരവധിയാളുകൾ ദുരിതബാധിതരാണ്. ഇവർക്കായി അനുവദിച്ച സാധനങ്ങൾ ഓതറ പിഎച്ച്സിയിൽ വൈസ് പ്രസിഡന്റ് പൂട്ടിവച്ചിരിക്കുകയാണ്. ഇത് അനധികൃതമാണ്. തന്റെ വാർഡിൽ 350 കുടുംബങ്ങൾ പ്രളയബാധിതരായിരുന്നു.
113 പേർക്ക് ഇതേവരെ സാധനങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രളയദിനത്തിൽ ജനങ്ങളുടെ ദുരിതം അറിയിക്കാൻ ഫേസ്ബുക്കിലൂടെ താൻ അനുഭവം പങ്കുവച്ചിരുന്നു. ഇതു തെറ്റാണെന്ന ചിന്തയില്ല. താനും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളാണ്. പ്രസിഡന്റായ താനറിയാതെ നിരവധി ബി്ല്ലുകൾ പഞ്ചായത്തിൽ നിന്നു മാറിയെടുത്തിട്ടുണ്ടെന്നാണ് ഗീതയുടെ മറ്റൊരു ആരോപണം.
തന്റെ ഒപ്പു പോലും കളവായി ഇട്ടിട്ടുണ്ടെന്നു സംശയിക്കുന്നു. ബില്ലുകൾ പലപ്പോഴും തന്റെ മേശപ്പുറത്തു വരാറില്ല. രാജീവിനെതിരെ ഓംബുഡ്സ്മാനിൽ കേസുകളുണ്ട്. അറവുശാല നിർമാണ കരാറുകാരന് പണം നൽകിയിട്ടില്ലെന്നും പ്രസിഡന്റ് ആരോപിച്ചു. ഇരവിപേരൂർ റൈസ്, ഐഎസ്ഒ സർട്ടിഫിക്കറ്റ് ഇവയെല്ലാം ജനകീയ പദ്ധതികളായിരുന്നില്ലെന്നും ഗീത പറഞ്ഞു.