മുളംകുന്നത്തുകാവ്: കാത്തിരിപ്പുകൾക്കൊടുവിൽ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീൻ യാഥാർത്ഥ്യമായി. ഒന്പതു മാസം മുന്പ് കാന്റീൻ ആരംഭിക്കാൻ ടെണ്ടർ നടപടികൾ നടത്തി കരാർ നൽകിയെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് കാന്റീൻ തുടങ്ങാൻ ഒന്പത് മാസം വരെ കാത്തിരിക്കേണ്ടി വന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മിൽമ ബൂത്ത് മാത്രമായിരുന്നു രാത്രിയും പകലും പ്രവർത്തിച്ചിരുന്നത്. അമിത വിലയും വൃത്തിഹീനമായ അന്തരീക്ഷവും സ്ഥലക്കുറവും മൂലം ഇത് നിരവധി എതിർപ്പുകൾ നേരിട്ടിരുന്നു.
ഇന്ത്യൻ കോഫി ഹൗസ് ഉണ്ടെങ്കിലും രാത്രി എട്ടുവരെ മാത്രമേ അത് പ്രവർത്തിക്കാറുള്ളു. രാത്രിയിൽ രോഗികൾക്ക് ഭക്ഷണവും ചൂടു വെള്ളവും അടക്കമുള്ളവ ലഭിക്കാത്ത സ്ഥിതിയായിരുന്നു.
ഭക്ഷണവും വെള്ളവും കിട്ടാൻ അഞ്ചാറ് കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീനിനു വേണ്ടി മെഡിക്കൽ കോളജിലെത്തുന്നവർ പലതവണ ആവശ്യപ്പെട്ടതിന്റെ ഫലമായി അഞ്ചു വർഷം മുന്പാണ് 25 ലക്ഷം രൂപ ചിലവഴിച്ച് ആശുപത്രി വികസന സമിതി കാന്റീൻ തുടങ്ങാൻ പുതിയ കെട്ടിടം നിർമ്മിച്ചത്.
എന്നാൽ സ്വകര്യ സ്ഥാപനങ്ങളുടെ ഇടപെടൽ മൂലം കാന്റീൻ തുറക്കാൻ വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ ഡിസംബറിലാണ് കാന്റീൻ രണ്ട് കോടി 33 ലക്ഷം രൂപയക്ക് ടെണ്ടർ പോയത്. എന്നിട്ടും ഒന്പതുമാസം കഴിഞ്ഞേ ഇത് തുറക്കാനായുള്ളു. ഇന്ത്യൻ കോഫീഹൗസിന്റെയും മിൽമബൂത്തിന്റെയും ലൈസൻസ് കാലാവധി കഴിഞ്ഞതും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ പ്രശ്നമായിരുന്നു.
കാന്റീൻ ഉത്ഘാടനം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡൂസ് നിർവ്വഹിച്ചു ആശുപത്രി സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ട് വിജയ ബാബുരാജ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.വി.സന്തോഷ്, ആർ.എം.ഒ ഡോ.സി.പി.മുരളി, കാന്റീൻ കരാറുകാരൻ ഹസ്സൻഭായി മലപ്പുറം, ആശുപത്രി ലേ സെക്രട്ടറി ടി.ടി.ബെന്നി, പി.ജി.വിനയകുമാർ, കെ.എൻ.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.