കൊടകര: ആളൂർ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിനു ശേഷവും തിരിച്ചറിയാനായില്ല. കുട്ടിയെ തിരിച്ചറിയുന്നതിനായി പോലിസ് നടത്തിയ അന്വേഷണങ്ങളെല്ലാം വഴിമുട്ടിയ അവസ്ഥയിലാണ്.
കൊടകരമാള സംസ്ഥാന പാതയിലെ ആളൂർ മേൽപ്പാലത്തിന് നൂറുമീറ്ററോളം അകലെയാണ് കഴിഞ്ഞ ഞായറാഴ്ച ആറുമാസം പ്രായമുള്ള പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ട്രാക്കുകൾക്കു മധ്യേയുള്ള കുറ്റിച്ചെടികൾക്കിടയിലാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്ത് പരിക്കുകളും കാൽ ഒടിഞ്ഞനിലയിലുമായിരുന്ന മൃതദേഹത്തിൽ നീലനിറമുള്ള ബനിയൻ മാത്രമാണ് ഉണ്ടായിരുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ പ്രായാസമുള്ള നിലയിലായിരുന്നു.
ഫോറസിക് അധികൃതരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചത്. തിങ്കളാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണകാരണം തലയോട്ടിക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിരുന്നു.
ഓടുന്ന ട്രയിനിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞതാകാം തലയോട്ടിക്ക് ക്ഷതമേറ്റ് മരണം സംഭവിക്കാൻ ഇടയാക്കിയതെന്ന് നിഗമനത്തിലാണ് പോലിസ്. കുഞ്ഞിനെ തിരിച്ചറിയുന്നതിനായി പോലിസ് ഒരാഴ്ചയായി നടത്തിവരുന്ന പരിശ്രമങ്ങൾക്കൊന്നും അനുകൂല പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ പരാതികളുണ്ടോ എന്നാണ് ആളൂർ പോലിസ് ആദ്യം അന്വേഷിച്ചത്. റെയിൽവേ പോലീസുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ അന്വേഷണം നടത്തി. എന്നാൽ ഈ പ്രായത്തിലുള്ള കുട്ടിയെ കാണാതായുള്ള റിപ്പോർട്ട് ഒരിടത്തുനിന്നും ലഭിച്ചില്ല.
റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പോസ്റ്റുമോർട്ടം നടത്തി മൂന്നുദിവസം കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചറിയുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ അജ്ഞാത മൃതദേഹമായി സംസ്കാരം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.