മുളങ്കുന്നത്തു കാവ്: പീഡിപ്പിക്കപെട്ട നിലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തുന്നതിൽ വർധന. അഞ്ചു മുതൽ 18 വരെ വയസുള്ളവരാണ് പീഡനത്തിന് ഇരയായി എത്തുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നാണു കൂടുതൽ കുട്ടികൾ എത്തുന്നത്. മൂന്നാം സഥാനത്ത് ത്യശൂർ ജില്ലയുമുണ്ട്.
പോക്സോ നിയമമനുസരിച്ചു കേസടുക്കുന്നതിനു മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയാണ് കൂടുതലായും ഇവിടെ നടക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളം സ്വദേശിയായ പത്തു വയസുകാരിയെ പനിബാധിച്ച് ചികിത്സതേടി ശിശു വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പനിയ്ക്കുള്ള മരുന്നു വാങ്ങി അമ്മയും അച്ഛനും കുട്ടിയെ വേഗത്തിൽ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേ മെഡിക്കൽ കോളജിലെ മുതർന്ന ഡോക്ടർ എത്തി.
വിട്ടുമാറാത്ത പനിയും അസ്വസ്ഥതയും മനസിലാക്കിയ ഡോക്ടർ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കി. കുട്ടി നാളുകളായി ലൈംഗീക പീഡനത്തിന് ഇരയായെന്നാണു പരിശോധനാ ഫലം. കുട്ടിയോടു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കൂടെയുള്ള പിതാവാണ് കുട്ടിയെ പിഡിപ്പിക്കുന്നതെന്നു ബോധ്യമായി. എന്നാൽ പിതാവും അമ്മയും ഇതു സമ്മതിക്കാൻ തയാറായില്ല.
ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ആശുപത്രിയിൽവച്ചുതന്നെ പിതാവിനെ പിടികൂടി ചോദ്യം ചെയ്തു. അതോടെ സത്യം പുറത്തായി. പിതാവ് ഇപ്പോൾ പോക്സോ നിയമപ്രകരം ജയിലിലാണ്. ഇത്തരത്തിൽ ഒട്ടേറെ കേസുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നുണ്ട്.