മുളന്തുരുത്തി: ഉദയംപേരൂർ ഐഒസി ബോട്ട് ലിംഗ് പ്ലാൻറിലെ തൊഴിലാളികൾ ആരംഭിച്ച മെല്ലെപ്പോക്ക് സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. സമരം ചെയ്യുന്ന തൊഴിലാളികളുമായി ചർച്ച നടത്താൻ അദ്ദേഹം കളക്ടർക്കു നിർദേശം നൽകി. ഇന്നുതന്നെ കളക്ടർ തൊഴിലാളികളുമായി ചർച്ച നടത്തുമെന്നാണു വിവരം.
ഇതേത്തുടർന്നു തൊഴിലാളി യൂണിയനുകൾ മെല്ലെപ്പോക്ക് സമരത്തിൽ ഇന്നു രാവിലെ മുതൽ അയവ് വരുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചാൽ സമരം പൂർണമായും പിൻവലിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഐഒസിയുടെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ യൂണിറ്റിൽ ഇലക്ട്രീഷ്യനു ഹെൽപറെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 25 മുതലാണ് കന്പനിയിലെ തൊഴിലാളികൾ മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്.
മൂന്നുദിവസമായി നടത്തിവന്ന സമരം പാചകവാതക വിതരണത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ വിതരണ ഏജൻസികളിലേക്കു പ്രതിദിനം 160 ഓളം ലോഡുകളാണ് ഇവിടെനിന്നു കയറ്റിപ്പോയിരുന്നത്. സമരം തുടങ്ങിയതോട ഇത് 50 ലോഡുവരെയായി കുറഞ്ഞിരുന്നു.
അപകട സാധ്യതയേറിയ യൂണിറ്റിൽ തനിയെ ജോലി നോക്കിയിരുന്ന ഇലക്ട്രീഷ്യനു കഴിഞ്ഞ ദിവസം വൈദ്യുതാഘാതം ഏറ്റിരുന്നു. യൂണിറ്റിൽ മറ്റു ജോലിക്കാർ ആരും ഇല്ലാത്തതിനാൽ അപകടം നടന്നു വളരെ വൈകിയാണ് മറ്റുള്ളവർ വിവരം അറിഞ്ഞത്. ഈ സാഹചര്യത്തിലാണ് ഈ യൂണിറ്റിൽ ഇലക്ട്രീഷ്യനു സഹായിയെ നിയമിക്കണമെന്ന ആവശ്യം യൂണിയനുകൾ മുന്നോട്ടുവച്ചത്.
ചീഫ് ലേബർ കമ്മീഷണർ അടക്കം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കണം എന്ന് നിർദേശിച്ചെങ്കിലും കന്പനി മാനേജ്മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങവേയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ.