ചാലക്കുടി: പ്രളയ ദുരിതബാധിതർക്കായി കൊണ്ടുവന്ന ടണ്‍കണക്കിന് അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാതെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിനകത്ത് കിടന്നു നശിക്കുന്നു. റസ്റ്റ്ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ മുൻവശത്തുതന്നെ കുന്നുകൂടി കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ അലങ്കോലമായി കൂട്ടിയിട്ടിരിക്കയാണ്.
പ്രളയത്തിൽ എല്ലാം നശിച്ച് ആയിരങ്ങൾ ദുരിതമനുഭവിക്കുന്പോഴാണ് അധികൃതരുടെ അലംഭാവം മൂലം ഭക്ഷ്യവസ്തുക്കൾ അർഹരായവർക്ക് നൽകാതെ വലിച്ചെറിഞ്ഞിട്ടിരിക്കുന്നത്. താലൂക്കിലെ 13 പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഇവിടെ നിന്നായിരുന്നു എല്ലാ സാധനങ്ങളും വിതരണം ചെയ്തിരുന്നത്.
അരി, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ടിന്നുകൾ മറ്റുമാണ് ഇവിടെ കിടന്നു നശിക്കുന്നത്. ക്യാന്പുകളിലേക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ആവശ്യപ്പെട്ട് നിരവധി പേർ വന്നപ്പോൾ വില്ലേജ് ഓഫീസർമാരും ജനപ്രതിനിധികളും വഴി മാത്രമേ ഇവിടെനിന്നും സാധനങ്ങൾ വിതരണം ചെയ്യുകയുള്ളൂവെന്ന് പറഞ്ഞ് മടക്കിവിട്ടിരുന്നു.
താലൂക്കിൽ ഒന്‍പത് ദുരിതാശ്വാസ ക്യാന്പുകളിലായി 98 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. റസ്റ്റ് ഹൗസിൽ കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒടുവിൽ മാലിന്യമാക്കി തള്ളേണ്ട അവസ്ഥയിലാണ്.