വൈപ്പിൻ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ട് വന്ന് പീഡിപ്പിച്ച കേസിൽ യുവാവിനെ മുനന്പം പോലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂർ പാറപ്പുറം മാലേത്ത് വീട്ടിൽ മൂസയുടെ മകൻ ബാബു(36) വാണ് അറസ്റ്റിലായത്.
കൊല്ലം സ്വദേശിനിയായ യുവതി പെരുന്പാവൂർ പോലീസിനു നൽകിയ പരാതിയിൽ ബലാത്സംഗത്തിനു കേസെടുത്ത് മുനന്പം പോലീസിനു കൈമാറിയിരുന്നു. പീഡനം നടന്നത് മുനന്പം സ്റ്റേഷൻ പരിധിയിലായതിനാലാണിത്.
2017 മാർച്ച് മുതൽ 2018 ഓഗസ്റ്റ് മാസം വരെ വിവിധ ദിനങ്ങളിലായി ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ട് വന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവാവ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഇതിനിടെ പ്രതി വീണ്ടും പരാതിക്കാരിയുടെ പിന്നാലെ കൂടിയതോടെ പനങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ബുധനാഴ്ച രാത്രി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.