തിരുവനന്തപുരം:കേരളത്തിലേക്ക് രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഹിങ്ക്യകള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയാണ് മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് അറിയിപ്പു പുറപ്പെടുവിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. ഇവര്‍ക്കു നല്കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താനിടയാക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.