വടകര : മടപ്പള്ളി കോളജിൽ ആവർത്തിക്കുന്ന ഏകപക്ഷീയ അക്രമസംഭവങ്ങളിൽ എസ്എഫ്ഐക്കെതിരായ കടുത്ത വിമർശനമായി കളക്ടർ വിളിച്ച സർവവക്ഷിയോഗം. അക്രമത്തിനിരയായ വിദ്യാർഥികൾ തന്നെ യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചത് ശ്രദ്ധേയമായി. പ്രതിരോധിക്കാൻ എസ്എഫ്ഐയുടെയോ സിപിഎമ്മിന്റെയോ പ്രതിനിധികൾ യോഗത്തിലുണ്ടായിരുന്നില്ല.
അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താൻ തന്നെ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. കോളജിലെ അച്ചടക്കം തകർന്നതായും യൂണിയൻ ഓഫീസുകളിൽ ആയുധങ്ങൾ സംഭരിച്ചു വെച്ചതായും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി എഡുക്കേഷൻ ഓഫ് കോളജ് എഡുക്കേഷന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. കോളജിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസിന്റെ നിതാന്ത ജാഗ്രതഉണ്ടാവണമെന്നും യോഗത്തിൽ ധാരണയായി.
അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ തന്നെ കോളജിന്റെ നിലവാരം തകരാതിരിക്കാനുള്ള ശ്രമം ഉറപ്പു വരുത്തണമെന്ന് യോഗത്തിൽ കളക്ടർ യു.വി.ജോസ് പറഞ്ഞു. യോഗത്തിൽ എല്ലാവരെയും വിളിച്ചിരുന്നുവെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും യോഗ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം പെണ്കുട്ടികളെ അക്രമിച്ച സംഭവം ഗുരുതരമാണെന്നും ഇത് സംബന്ധിച്ച തീരുമാനം യോഗത്തിൽ തന്നെ വേണമെന്നുമുള്ള യുഡിഎഫ് പ്രതിനിധികളുടെ ആവശ്യത്തിന് സമഗ്രാന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുമെന്ന് കളക്ടർ വ്യക്തമാക്കി. കോളജിൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിൽ പ്രിൻസിപ്പൾ ഗുരുതരമായ പിഴവാണ് വരുത്തിയിരിക്കുന്നതെന്ന് യോഗത്തിൽ വ്യാപകമായ പരാതികൾ ഉയർന്നു.
നാട്ടുകാരെ അക്രമിച്ച സംഭവത്തിൽ റിമാന്റിലായ പ്രതികളിൽ ഒരാളെ മാത്രമാണ് സസ്പെന്റ് ചെയ്തിരിക്കുന്നതെന്നും ബാക്കി രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വടകര താലൂക്ക് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ സി.കെ.നാണു, പാറക്കൽ അബ്ദുല്ല, ആർഡിഒ എം.അബ്ദുറഹിമാൻ, തഹസിൽദാർ പി.കെ.സതീഷ് കുമാർ, മടപ്പള്ളി കോളജ് പ്രിൻസിപ്പാൾ കെ.മീര, ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി വടകര, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഒ.കെ കു്ഞ്ഞബ്ദുല്ല, സുനിൽ മടപ്പള്ളി, ടി.കെ.രാജൻ, അഡ്വ രാജേഷ് കുമാർ, എ.ടി.ശ്രീധരൻ, ടി.എൻ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.