തലശേരി: പിണറായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ബി.ബി രാജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഏറ്റെടുത്തു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെയും അനുബന്ധ സംഭവങ്ങളുടേയും അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ്, ഐജി എസ്.ശ്രീജിത്ത് എന്നിവരുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ എസ്പി പി.ബി. രാജീവ്, ഡിവൈഎസ്പി യു.പ്രേമന്, സിഐമാരായ എം.വി അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്ഐമാരായ ജോയ് മാത്യു, രഘുനാഥന്, എഎസ്ഐ പുഷ്കരാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. തലശേരിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്.
മൂന്ന് കൊലപാതക കേസുകളും പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊലപാതക കേസുകളുടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കേസിന്റെ പുനഃരന്വേഷണം ആരംഭിച്ചതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കേസ് സംബന്ധിച്ച നിലവിലുള്ള ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈപ്പറ്റിയ ശേഷമാണ് തലശേരിയില്‍ ക്യാമ്പ് ഓഫീസ് തുറക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സംഭവമായതിനാലാണ് എഡിജിപി നേരിട്ട് കേസന്വേഷണം വിലയിരുത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് കവിഞ്ഞ തിങ്കളാഴ്ചയാണ് ഡിജിപി ലോക്നാഥ് ബഹ്റ പുറപ്പെടുവിച്ചത്.
കൂട്ടക്കൊലപാതകവും സൗമ്യയുടെ ആത്മഹത്യയും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് ഏറ്റെടുത്തിട്ടുള്ളത്.കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റ് പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യയുള്പ്പെടെയുള്ള കുടുംബാങ്ങളും നാട്ടുകാരും ആദ്യം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.