തിരൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കുത്തേറ്റ പതിനഞ്ചുകാരി മരിച്ചു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് താമസിക്കുന്ന ബംഗാൾ സ്വദേശി സാതിബീവിയുടെ മകൾ ഷമീനാ ഖാത്തൂറാണ് കുത്തേറ്റു മരിച്ചത്. ബംഗാൾ ബർധമാൻ സ്വദേശി സാദത്ത് ഹുസൈൻ (21) ആണ് ബാലികയെ കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി തിരൂർ പോലീസിൽ ഏൽപ്പിച്ചു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് രാത്രി എട്ടു മണിയോടെയാണ് ഷമീനാ ഖാത്തൂർ (15) മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു പോലീസ് അറിയിച്ചു. വിഷുപാടത്തു വാടക കെട്ടിടത്തിൽ കഴിയുന്ന കുട്ടിയെ കൂടെ താമസിക്കുന്ന സാദത്ത് ഹുസൈൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തേറ്റ പെണ്‍കുട്ടിയെയും കുടുംബത്തെയും ബംഗാളിൽ വച്ച് സാദത്തിനു പരിചയമുണ്ട്. നാട്ടിൽ വച്ച് പെണ്‍കുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നതായും യുവാവ് പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടിയും അമ്മയും തിരൂരിൽ വീട്ടുവേലയ്ക്കു നിൽക്കുകയാണ്. പിതാവും ഇവരോടൊപ്പം വാടക വീട്ടിലാണ് താമസം.
സാദത്ത് വിവിധ ജോലിനോക്കിയിരുന്നതായി പോലീസ് പറഞ്ഞു. നിരവധി തവണ പെണ്‍കുട്ടിയോടു സാദത്ത് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെണ്‍കുട്ടി തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രകോപിതനായ സാദത്ത് കുട്ടിയെ വീടിന്റെ അടുക്കളയിൽ വച്ച് കുത്തിയത്. നിലവിളി കേട്ടു ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാലുകൾക്കും നെഞ്ചിനുമാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.