നെന്മാറ: ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ വീണ്ടും ക്വാറികൾ പ്രവർത്തിച്ചുതുടങ്ങി. നെന്മാറ ആതവനാട്, ചേരുംകാടിന് സമീപമാണ് രണ്ടു ക്വാറികൾ പ്രവർത്തനം തുടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള ക്വാറികളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഉരുൾപൊട്ടി 10 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിൽ നിന്ന് 200 മീറ്റർ മാറിയാണ് ഇപ്പോൾ ചെറിയ രണ്ടു ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് മെറ്റലാക്കി മാറ്റുന്നത്. ഈ കുന്നിൽ നാലിടങ്ങളിലായാണ് പല തവണയായി പാറപൊട്ടിച്ചെടുത്ത് കുഴികൾ ഉണ്ടായിട്ടുള്ളത്.
ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്വാറികളാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി മാറി. അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭാഗത്തു നിന്ന് കരിങ്കലും, മെറ്റലും വാഹനങ്ങളിൽ കടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു ക്വാറിയുടെ തൊട്ടു മുകളിലായി വീടുണ്ടായിട്ടുപോലും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.