മണ്ണാർക്കാട്: കനത്ത മഴയെ തുടർന്ന് നഗരത്തിൽ വൻഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ജനങ്ങളെ ഏറെ വലച്ചത്. നെല്ലിപ്പുഴമുതൽ ആശുപത്രിപടിവരെ കുരുക്ക് അനുഭവപ്പെട്ടു. ഇരുവശത്തുമായി ദേശീയപാത വികസനത്തോട് അനുബന്ധിച്ചുള്ള മഴവെള്ളച്ചാലിന്റെ നിർമാണവും നടക്കുന്നുണ്ട്.
ജെസിബിയും വിവിധതരം ലോറികളും ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. ആശുപത്രിപ്പടി ജംഗ്്ഷനിൽ കലുങ്കുനിർമാണം നടക്കുന്നതിനാൽ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ കടന്നുപോകുന്നുള്ളൂ. കോടതിപ്പടി ബസ് സ്റ്റാൻഡ് പരിസരത്തും കുന്തിപ്പുഴമുതൽ നെല്ലിപ്പുഴ വരെയും കുരുക്ക് രൂക്ഷമാണ്.
മഴയെ തുടർന്നുള്ള വെള്ളത്തിനു പുറമേ നഗരത്തിൽ പൈപ്പുപൊട്ടിയും ആശുപത്രിപ്പടിയിൽ ഗതാഗതതടസമുണ്ടായി. ഇതോടെ ആശുപത്രിപ്പടി പെട്രോൾ പന്പിനുമുന്നിൽ വെള്ളം കയറി. ഒന്നരയടിയോളം ഉയരത്തിൽ വെള്ളംകയറിയതോടെ കാൽനടയാത്രക്കാരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടിലായി.
പ്രദേശത്തെ ഏതാനും കടകളിലേക്കും ചെറിയ തോതിൽ വെള്ളംകയറി. ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ തെന്നിവീഴുന്നതും കാണാമായിരുന്നു. അധികൃതർ യാതൊരു നടപടിയെടുക്കാത്തതിൽ പ്രതിഷേധവും ശക്തമായി. കൃത്യമായ മഴവെള്ളചാലുകൾ ഇല്ലാത്തതും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഇതു പുനർനിർമിക്കാത്തതുമാണ് വെള്ളക്കെട്ടിനു പ്രധാന കാരണമാകുന്നത്.