കാളികാവ്: ചോക്കാട് കല്ലാമൂലയിൽ കേഴമാനിന്റെ ഇറച്ചിയെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ട സംഘം പട്ടിയിറച്ചി വിറ്റതായി അഭ്യൂഹം. എന്നാൽ അധികൃതർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയകളിൽ വിവാദം കൊഴുക്കുന്നുമുണ്ട്.
ഇതിനിടെ പട്ടിയിറച്ചി കഴിച്ച നിരവധി പേർ ആശുപത്രിയിലായതായും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നു. ഇതിനിടെ പട്ടികളുടെ അഴുകിയ തല വനത്തിൽ കണ്ടതായും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. ഏതാനും ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾ കൊഴുത്തതോടെ പോലീസും വനപാലകരും അന്വേഷിച്ചെങ്കിലും ഒരു തുന്പും കിട്ടിയിട്ടില്ല.
600 രൂപയ്ക്കാണ് ഒരു കിലോ പട്ടിയിറച്ചി കേഴമാനിറിച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘം വിൽപ്പന നടത്തിയതത്രേ. പേര് വെളിപ്പെടുത്താത്ത പല പ്രമുഖരും പട്ടിയിറച്ചി കഴിച്ചതായും സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രചാരണങ്ങളാണ് വന്നത്. തങ്ങളെ വഞ്ചിച്ചുവെന്ന ഇറച്ചി കഴിച്ചവർ പരാതി കൊടുക്കാത്തതാണ് വസ്തുത പുറത്ത് വരാതിരിക്കാനുള്ള പ്രധാന കാരണം. വാർത്തകൾ പരന്നതോടെ വനപാലകർക്കും പോലീസിനും തലവേദനയായിരിക്കുകയാണ്.