പത്തനംതിട്ട: മണ്ണിന്റെ അമ്ലത ക്രമീകരിച്ച് മാത്രമേ പുതിയ കൃഷികള്‍ ആരംഭിക്കാവാന്‍ പാടുള്ളൂവെന്ന് വിദഗ്ധാഭിപ്രായം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ അമ്ലതയുടെ തോത് മനസിലാക്കി കുമ്മായമോ ഡോളോമൈറ്റോ വിദഗ്ധരുടെ ശിപാര്‍ശയനുസരിച്ച് പ്രയോഗിക്കണമെന്നും വിവിധ മേഖലകളിൽ നടത്തിയ പഠനത്തേ തുടർന്ന് കൃഷി ശാസ്ത്രജ്ഞർ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ ഐസിഎആര്‍ – കൃഷി വിജ്ഞാന കേന്ദ്രം, സംസ്ഥാന കൃഷി വകുപ്പ്, ആത്മ, കേരള കാര്‍ഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം എന്നിവയുടെ നേതൃത്തില്‍ ആറന്മുള എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖാത്തിലാണ് വിദഗ്ധർ കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഒഴുകയെത്തിയ മണ്ണ് കൃഷിക്ക് അനുയോജ്യമാക്കാന്‍ സോയില്‍ ഗ്രാഫ്റ്റിംഗ് രീതി അവലംബിക്കണമെന്ന് ആലപ്പുഴ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിലെ കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. മുരളീധരന് പറഞ്ഞു.
പ്രളയാനന്തരം അടിഞ്ഞുകൂടിയ മണ്ണ് നിലവിലുള്ള മണ്ണുമായി ചേര്‍ത്ത് കൃഷിക്ക് അനുയോജ്യമാക്കുന്ന പ്രക്രിയയ്ക്കാണ് സോയില്‍ ഗ്രാഫിറ്റിംഗ് എന്നു പറയുന്നത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍, കീടരോഗ നിയന്ത്രണം, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം എന്നിവയെ സംബന്ധിച്ച് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.
കാര്‍ഷിക, ക്ഷീര വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറോട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാര്‍ പ്രസ്താവിച്ചു. പുതിയ കൃഷിക്ക് അനുവിദിച്ചിട്ടുള്ള വായ്പാ പദ്ധതികളെക്കുറിച്ച് അദ്ദേഹം അറിയിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ആയിഷ പുരുഷോത്തമന് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യ പ്രഭാഷണം നടത്തി. സുജാ ജോര്‍ജ്ജ്, ഡോ. വിനോജ് മാമ്മന്‍, എസ്. ഷീല, മാത്യൂസ് കോശി, അലക്സ് ജോണ്‍, ഡോ. റിന്‍സി കെ. ഏബ്രഹാം,ഗായത്രി എസ് എന്നിവര്‍ പ്രസംഗിച്ചു.