‘സ്വപ്നങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ടോ? ഇല്ലാ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ! എനിക്ക് ഒരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ; ലോകത്തെ പ്രചോദിപ്പിച്ച സൗന്ദര്യ റാണിയ്ക്ക് പറയാനുള്ളത്…

പരിമിതികള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയെന്നത് വലിയ കാര്യമാണ്. പ്രതിബന്ധങ്ങള്‍ക്കു മുമ്പില്‍ തകര്‍ന്നു പോകുന്നവര്‍ക്ക് മാതൃകയാവുകയാണ് ചിയാറ ബോര്‍ഡി എന്ന യുവതിയുടെ ജീവിതം. പതിമൂന്നാമത്തെ വയസില്‍ ഒരു ബൈക്ക് ആക്സിഡന്റിലാണ് ചിയാറയ്ക്ക് തന്റെ ഒരു കാല്‍ നഷ്ടമായത്. എന്നിട്ടും, പതിനെട്ടാമത്തെ വയസില്‍ മിസ് ഇറ്റലി മത്സരത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ചിയാറ ബോഡി ആയിരുന്നു. കാല്‍ലറ്റോ മഗിയാറാനോ അവസാനം മിസ് ഇറ്റലിയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അനേകം ആളുകളുടെ ഹൃദയം കീഴടക്കിയാണ് ചിയാറ മടങ്ങിയത്.

കൃത്രിമക്കാലുകളുമായി സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലേക്ക് പറന്നു കയറി, ഇറ്റലിയിലെ ഏറ്റവും സുന്ദരിയായ പെണ്ണായി മാറാനായിരുന്നു പരിമിതികള്‍ കീഴടക്കിയുള്ള ചിയാറയുടെ യാത്ര. വിജയകിരീടം നേരിയ വ്യത്യാസത്തില്‍ അവളില്‍ നിന്നു തെന്നിമാറിയെങ്കിലും അവള്‍ പങ്കുവച്ച അതിജീവന കഥയെ ലോകം മുഴുവന്‍ പ്രശംസിച്ചു. അവളുടെ മനസിന്റെ ഭംഗിയെ ലോകം ഹൃദയത്തിലേറ്റു വാങ്ങി. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ ചിയാറയുടെ വിമര്‍ശകരും, ആരാധകരും തമ്മിലുള്ള വന്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നു. അവളെയും കാലില്ലാത്തതിനേയും ഫേസ്ബുക്ക് വഴി പരിഹസിച്ചത് നിരവധി പേരാണ്.


എന്നാല്‍ കളിയാക്കലുകളോടുള്ള അവളുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. ‘എനിക്കൊരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്’ എന്നാണ് അവള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ‘സ്വപ്നങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ടോ? ഇല്ലാ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ജീവനറ്റു പോകുന്നതു വരേയും നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് സ്വന്തമാണ്. പരിമിതികളെ പടിവാതിലിനു പുറത്തു നിര്‍ത്തിയുള്ള യാത്രയില്‍ വേണ്ടത് രണ്ട് കാര്യങ്ങള്‍ മാത്രം. നിശ്ചയദാര്‍ഢ്യവും ആത്മ വിശ്വാസവും.’ ചിയാറ പറയുന്നു. തനിക്ക് മിസ് ഇറ്റലി ആകണം എന്നില്ലായിരുന്നു. പക്ഷെ, ആ അപകടത്തിനു ശേഷം ഞാന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും, തന്റെ ജീവിതം ഇപ്പോഴും മനോഹരമാണെന്നും കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അവള്‍ കുറിച്ചു. ചിയാറയുടെ കഥ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.

Related posts