ചാലക്കുടി: കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി’ സിനിമ കലാഭവൻ മണിയുടെ നാട്ടിൽ വിതുന്പുന്ന ഓർമകൾ ഉണർത്തി. സിനിമാപ്രദർശനം ആരംഭിച്ച സുരഭി തിയറ്ററിൽ മണിയുടെ വേർപാടിന്റെ ദുഃഖവുമായി നിറയെ കാണികൾ എത്തി. പുതിയ സിനിമയുടെ റിലീസിന്റെ ആഹ്ലാദാരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. സിനിമയുടെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ചെണ്ടമേളം ഒരുക്കിയിരുന്നുവെങ്കിലും പേരിനുമാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ പ്രദർശനം കാണാൻ കലാഭവൻ മണിയെ സ്നേഹിച്ച ധാരാളം പേർ ഉണ്ടായിരുന്നു. മണിയുടെ ജീവിതം നേരിട്ടു കണ്ടവരും കലാജീവിതം ആസ്വദിച്ചവരും ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിയെ ഒന്നുകൂടി കാണാൻ തിയറ്ററിൽ എത്തി.നായകകഥാപാത്രമായ നടൻ “രാജാമണി’ കലാഭവൻ മണിയായി സിനിമയിൽ ജീവിക്കുകയായിരുന്നു. മണിയുടെ ജീവിതം തൊട്ടറിഞ്ഞ അനുഭവവുമായിട്ടാണ് പ്രേക്ഷകർ തിയറ്ററുകളിൽനിന്നും മടങ്ങിയത്.
മണിയുടെ ജീവിതം പച്ചയായി സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളതായി കാണികൾ പറഞ്ഞു. മണിയുടെ ജീവിത പശ്ചാത്തലവും കൂട്ടുകാരെയും എല്ലാം നേരിൽ കണ്ടറിഞ്ഞിട്ടുള്ള നാട്ടുകാർക്കു മുന്നിൽ എല്ലാം പുനരാവിഷ്കരിക്കപ്പെട്ടപോലെ. മണിയുടെ പ്രിയപ്പെട്ട ഇടങ്ങളായ ചാലക്കുടിപ്പുഴയും പാഡിയും എല്ലാം സിനിമയിലുണ്ട്.
കലാഭവൻ മണിയുടെ പിതാവ് കുന്നിശേരി രാമനെ സലീം കുമാർ ജീവസുറ്റതാക്കി. മണിയുടെ അച്ഛന്റെ രൂപവും പെരുമാറ്റവും അതേപടി സലീംകുമാർ പകർത്തിയിരിക്കുന്നു. കുന്നിശേരി രാമനെ കണ്ടിട്ടുള്ള നാട്ടുകാർക്കു സലീംകുമാറിനെ അദ്ദേഹത്തെപ്പോലെ തോന്നിച്ചു. മണിയുടെ ജീവിതത്തിലെ ദാരിദ്ര്യവും അഭിനയ ജീവിതവുമെല്ലാം സിനിമയിലുണ്ട്.
മണിയെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളിലേക്കും സിനിമ പോകുന്നു. സിനിമാലോകത്തെ പിന്നാന്പുറ കാഴ്ചകളും ചേരിപ്പോരുകളും കാണികളിലേക്ക് എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ ജീവിതം യാതൊരു അധികചേരുവകളും ഇല്ലാതെ സംവിധായകൻ വിനയൻ ഒരുക്കിയതായാണ് വിലയിരുത്തൽ.
ആന്പല്ലൂരിലും ആവേശം
ആന്പല്ലൂർ: കലാഭവൻ മണിയുടെ കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന് ആരാധകർ നൽകിയത് ആവേശകരമായ വരവേല്പ്പ്. വരന്തരപ്പിള്ളിയിലുള്ള മണിയുടെ ആരാധകരാണ് ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കിയത്.
മണിയുടെ ഫോട്ടോക്കു മുന്പിൽ പൂജ നടത്തിയതിനു ശേഷം വാദ്യമേളത്തോടെയുള്ള നാടൻപാട്ടിന്റെ അകന്പടിയോടെയാണ് ആരാധകർ സിനിമ റിലീസ് ചെയ്ത ആന്പല്ലൂരിലെ തിയേറ്ററിൽ എത്തിയത്. കലാഭവൻ മണിയുടെ കടുത്ത ആരാധകനായ വരന്തരപ്പിള്ളി സ്വദേശി രേവതിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷയിൽ പ്രചരണവും നടത്തിയിരുന്നു.