ആ ചിത്രത്തില്‍ നടനു ഭാവം വരാന്‍ നഗ്നനൃത്തം ചെയ്യാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു, എതിര്‍ത്തത് ഇര്‍ഫാനും സുനില്‍ ഷെട്ടിയും, തനുശ്രീയുടെ പീഡന പരാതിയില്‍ പുതിയ വെളിപ്പെടുത്തല്‍

നടി തനുശ്രീ ദത്ത കഴിഞ്ഞദിവസമാണ് തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് മനസുതുറന്നത്. ആദ്യം നാന പടേക്കറെ ഉന്നംവച്ചായിരുന്നു പരാതി എങ്കില്‍ ഇപ്പോള്‍ മറ്റു സംവിധായകരും കുടുങ്ങിയിരിക്കുകയാണ്. വിവേക് അഗ്നിഹോത്രിയാണ് തനുശ്രീയുടെ പുതിയ തുറന്നുപറച്ചിലില്‍ കുടുങ്ങിയിരിക്കുന്നത്.

ചോക്ലേറ്റ് എന്ന ചിത്രത്തിനുവേണ്ടിയാണ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി നടിയെ വിളിച്ചുവരുത്തിയത്. നടന്‍ ഇര്‍ഫാന്‍ ഖാന്‍ മാത്രമുള്ള രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ആ സീനില്‍ ഇല്ലാതിരുന്നിട്ടും തന്നെ വിളിച്ചുവരുത്തുകയും നടന്റെ മുഖത്ത് ഭാവം വരുത്തുന്നതിന് നഗ്‌നയായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇര്‍ഫാന്‍ അതിനെ എതിര്‍ത്തു. തനിക്ക് ഭാവം വരാന്‍ നടി വസ്ത്രമഴിക്കേണ്ടതില്ലെന്ന് ഇര്‍ഫാന്‍ പറഞ്ഞു. സംഭവസമയം നടന്‍ സുനില്‍ ഷെട്ടിയും കൂടെയുണ്ടായിരുന്നു. അദ്ദേഹവും നടിയെ പിന്തുണച്ചു.

2008ല്‍ ഒപ്പമഭിനയിച്ച ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ നാന പടേക്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ ആദ്യ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അഭിനയം പൂര്‍ത്തിയാക്കും മുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു.

നാന പടേക്കര്‍ അതേസമയം ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തി. നടിയുടെ ആരോപണം നിഷേധിക്കുന്ന നാന പടേക്കര്‍ ഒരു ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും തനുശ്രീ ദത്ത ആരോപണം ഉയര്‍ത്തിയ സിനിമാ സെറ്റില്‍ തനിക്കൊപ്പം 50-100 പേര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഒപ്പം ഈ വിഷയത്തില്‍ നിയമപരമായി എന്താണ് ചെയ്യാനാവുക എന്ന കാര്യം പരിശോധിക്കുകയാണെന്നും നാന പടേക്കര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡില്‍ നിന്ന് ഈ വിഷയത്തില്‍ ഇതുവരെ പ്രമുഖരാരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹോണ്‍ ഓകെ പ്ലീസിന്റെ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഗണേഷ് ആചാര്യ നാന പടേക്കറിന് പിന്തുണയുമായെത്തി. തനുശ്രീ ആരോപിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നും ചില തെറ്റിദ്ധാരണകളാവാം കാരണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം തനുവിന് പിന്‍തുണയും പ്രതികരണങ്ങളുമായി സോനം കപൂര്‍, അനുരാഗ് കശ്യപ്, പ്രിയങ്ക ചൊപ്ര, പരിണിതി ചൊപ്ര, ഫര്‍ഹാന്‍ ഖാന്‍, ട്വിങ്കിള്‍ ഖന്ന, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ രംഗത്തെത്തി. സോനം കപൂറാണ് തനുശ്രീയ്ക്ക് പിന്തുണയുമായി മുന്നോട്ടുവന്ന ബോളിവുഡ് നടികളില്‍ ഒരാള്‍. ”ഞാന്‍ തനുശ്രീ ദത്തയെ വിശ്വസിക്കുന്നു. ജാനിസ് എന്റെ സുഹൃത്താണ്. പക്ഷേ അവള്‍ എല്ലാം പെരുപ്പിച്ചു പറയുന്ന ആളാണ്.

എന്റെ സഹപ്രവര്‍ത്തകരില്‍ പലരും സ്ത്രീകളും പുരുഷന്മാരും പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, പലരും അവരുടെ അനുഭവമാണ് തുറന്നു പറയുന്നത്. നമ്മള്‍ അവരുടെ തുറന്നു പറച്ചിലുകളെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്താല്‍, പിന്നെ എങ്ങനെയാണ് ഇരകളായവര്‍ അതിജീവിക്കുക? അവര്‍ സംസാരിക്കട്ടെ. അവര്‍ക്കൊപ്പം നില്‍ക്കാം!” സോനം നിലപാട് വ്യക്തമാക്കുന്നു.

Related posts