അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകിട്ടുവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്ത ഫലമായാണ് വന്‍തിരമാലകള്‍ ഉണ്ടാവുന്നത്. തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളിലും (രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകീട്ട് ആറുമുതല്‍ എട്ടുവരെയും) ഇന്ന് രാത്രി 11.30 വരെയും ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീരത്ത് ഈ പ്രതിഭാസത്തിന്റെ അഘാതത്താല്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.