ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ച അവിനാശ് ഇരഗവരപു, കമൽഹാസന്റെ പ്രചാരണ ചുക്കാൻ പിടിക്കാൻ എത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിക്കുവേണ്ടി തന്ത്രങ്ങൾ മെനയാനും കരുക്കൾ നീക്കാനുമാണ് അവിനാശ് എത്തിയത്.
നിലവിൽ അരിസോണ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അവിനാശ് ഇരഗവരപു. 2014 ൽ ഗവർണർ ഡൗഗ് ഡ്യൂസിക്കുവേണ്ടി പ്രവർത്തിച്ചു. ഒട്ടേറെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ ജയിപ്പിക്കാനോ അവരുടെ സീറ്റു നിലനിർത്താനോ അവിനാശിനു കഴിഞ്ഞു.
ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത അവിനാശ് പിന്നീട് ഐവി ലീഗ് ബി-സ്കൂളിൽ നിന്ന് എംബിഎ കരസ്ഥമാക്കി. അന്താരാഷ്ട്രതലത്തിൽ നിരവധി പ്രചാരണങ്ങൾ വിജയകരമായി നടത്തിയതിന്റെ പ്രാവീണ്യവുമുണ്ട്. സാങ്കേതിക വിദ്യയുടെയും ചടുലതന്ത്രങ്ങളുടെയും പ്രയോഗത്തി ലൂടെ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കാനോ, സീറ്റ് നിലനിർത്താനോ അമേരിക്ക ആശ്രയിക്കുന്ന ഇന്ത്യക്കാരനാണ് അവിനാശ്.
പ്രേക്ഷകരെയും ശ്രോതാക്കളെയും ആകർഷിക്കാനും പിടിച്ചിരുത്താനും അവിനാശ് ഉപയോഗിക്കുന്നത് ഡാറ്റാ മോഡലിംഗും സൈക്കോഗ്രാഫിക് പ്രൊഫൈലിംഗുമാണ്. രാഷ്ട്രീയ കക്ഷികളുടെ അടിത്തട്ടുകളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ ന്യൂനതകളും ഗുണങ്ങളും കണ്ടെത്തിയാണ് അവിനാശ് അടവും തന്ത്രവും മെനയുന്നത്.
തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലനക്കളരികൾക്കു തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പു കാര്യങ്ങൾ ചർച്ച ചെയ്ത യോഗങ്ങളിൽ അവിനാശ് കേന്ദ്രബിന്ദുവായി.
തമിഴ്നാട്ടിൽ വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ലെന്നു കമൽഹാസൻ വ്യക്തമാക്കിയിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം.
വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും കമൽഹാസന്റെ അഴിമതി വിരുദ്ധ ആശയങ്ങൾ എത്തിക്കുകയാണ് അവിനാശിന്റെ പ്രധാന ലക്ഷ്യം. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അതീവപ്രാധാന്യം നൽകും. പ്രകടന പത്രികയും തയാറായിക്കൊണ്ടിരിക്കുകയാണ്. എത്ര സീറ്റുകളിൽ മത്സരിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ വരുംദിവസങ്ങളിൽ ചർച്ച നടക്കും.