ആലപ്പുഴ: ആവശ്യമായ വിവരങ്ങളില്ലാതെ ജില്ല വികസന സമിതി യോഗത്തിൽ പകരക്കാരനായി എത്തിയ ഉദ്യോഗസ്ഥനെ യോഗത്തിൽ ഇരിക്കാൻ അനുവദിക്കാതെ കളക്ടർ ഇറക്കിവിട്ടു. ബന്ധപ്പെട്ട വിഷയത്തിൽ വിവരമറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാവുംവിധം കാര്യങ്ങൾ പഠിക്കണമെന്നും കളക്ടർ എസ്. സുഹാസ് നിർദേശിച്ചു.
ആലപ്പുഴ നഗരത്തിൽ ഇരുന്പുപാലത്തിനു സമാന്തരമായി കാൽനടയാത്രക്കാർക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചർച്ചയിലാണ് സംഭവം. ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് നിരത്തുവിഭാഗമാണ് ഇതിനായി നടപടി എടുത്തത്.
എന്നാൽ പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നഗരസഭയിൽനിന്നും പങ്കെടുത്ത ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച വിവരമൊന്നും ഇല്ലാതിരുന്നതിനാലാണ് യോഗത്തിൽ ഇരിക്കാൻ അനുവദിക്കാതിരുന്നത്. ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥൻ കളക്ടറെ നേരിൽ കാണാനും നിർദേശിച്ചു.
കുട്ടനാട്ടിൽ ഓരുവെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനു ജില്ല വികസന സമിതി യോഗം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും അല്ലെങ്കിൽ കർഷകർ സർക്കാരിനെ കുറ്റം പറയുന്ന അവസ്ഥയുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എം.എൻ. ചന്ദ്രപ്രകാശ് ചൂണ്ടിക്കാട്ടി.
ഓരുവെള്ളം കയറി കൃഷി നശിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ ഉത്തരവ് നിലവിലില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 10 കൃഷിഭവനുകളിലായി 60.37 ലക്ഷം വിതരണം ചെയ്യുന്നതിനുള്ള നടപടി പൂർത്തിയായി വരികയാണെന്ന് അവർ വ്യക്തമാക്കി.
മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന കരുവാറ്റ വില്ലേജിലെ ഇടയിലെ കുഴി പാടശേഖരത്തിലെ കൃഷി പുനരാരംഭിക്കുന്നതു സംബന്ധിച്ച് റെയിൽവേയുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു.
കരുവാറ്റയിൽ റെയിൽലൈൻ ഇരട്ടിപ്പിച്ചതിനെ തുടർന്ന് പാടശേഖരത്തിലേക്കുള്ള തോട് മണ്ണ് വീണ് നികന്നതിനാലാണ് കൃഷി മുടങ്ങിയത്. റെയിൽവേയും പഞ്ചായത്തുമായി ഇക്കാര്യത്തിൽ ഉള്ള പ്രശ്നങ്ങൾ തീർക്കാൻ ഡിവിഷണൽ മാനേജർ തലത്തിൽ ഇടപെടുമെന്ന് കളക്ടർ വ്യക്തമാക്കി.
അന്പലപ്പുഴ-തിരുവല്ല റോഡിൽ സ്ഥാപിച്ച ജല അഥോറിറ്റിയുടെ പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിച്ച് പ്രശ്നം പരിഹരിച്ചതായി യൂഡിസ്മാറ്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ യോഗത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാറാണ് ചോദ്യം ഉന്നയിച്ചത്.
കടപ്ര റോ വാട്ടർ പന്പ് ഹൗസിലേക്ക് പ്രത്യേക ലൈൻ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടിയായതായി യൂഡിസ്മാറ്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. പദ്ധതി പത്തനംതിട്ട കഐസ്ഇബി ഡപ്യൂട്ടി സിഇ തലത്തിലാണെന്നും എട്ടു ലക്ഷം രൂപ മാസങ്ങൾക്കുമുന്പേ നിക്ഷേപിച്ചതാണെങ്കിലും പണി തുടങ്ങിയില്ലെന്ന് അരുണ്‍കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതു പൂർത്തികരിക്കാത്തതിനാൽ നഗരത്തിൽ കുടിവെള്ള പ്രശ്നമുണ്ടെന്ന് നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കഐസ്ഇബി ചെയർമാൻ തലത്തിൽ പ്രശ്നം പരിഹരിക്കാമെന്ന് കളക്ടർ അറിയിച്ചു.