ചേർത്തല: വാരനാട് മൂലയിൽവീട്ടിൽ സന്തുവിന്റെ രക്തഗ്രൂപ്പ് ദുർലഭമാണ്. അതുകൊണ്ട് എത്ര തിരക്കാണേലും രക്തം കിട്ടാതെ വിഷമിക്കുന്നവരുടെ മുന്പിൽ സന്തു ദൈവദൂതനെ പോലെ ഓടിയെത്തും.
എ നെഗറ്റീവ് ഗ്രൂപ്പായ സന്തു ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലെ പ്രവർത്തകനാണ്. ഇപ്പോൾ 32 വയസുള്ള സന്തു ജോസഫ് ഇതിനോടകം നിരവധിപേർക്കാണ് രക്തം പങ്കുവെച്ചത്. എല്ലാ മൂന്നു മാസം കൂടുന്പോഴും രക്തം നല്കി സെഞ്ച്വറി തികയ്ക്കാനാണ് സന്തുവിന്റെ ആഗ്രഹം.
സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനമായ പ്രപഞ്ചത്തിലെ തിരക്കുകൾ മാറ്റിവെച്ചാണ് സന്തു പലപ്പോഴും രക്തം നല്കാനായി എത്തുന്നത്. സന്തുവിന് ദിവസേന നിരവധി ഫോണ് കോളുകളാണ് എത്തുന്നത്.
രക്തത്തിന്റെ അഭാവത്തിൽ നൂറുകണക്കിനു ആളുകൾ മരണത്തിനു കീഴടങ്ങുന്പോൾ രക്തദാതാവിന് ഒരു നഷ്ടവുമില്ലാത്ത ഈ സൽപ്രവൃത്തി എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്നാണ് സന്തുവിന്റെ ആഹ്വാനം.