തൊടുപുഴ: പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് സഹായഹസ്തം നീട്ടിയ ലോകജനതയ്ക്ക് നന്ദി രേഖപ്പെടുത്തി ഇടുക്കി ജില്ലയുടെ ബിഗ് സല്യൂട്ട്. ലോകജനതയ്ക്ക് ആദരം നൽകിയ ബിഗ് സല്യൂട്ട് കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (യുആർഎഫ്) ലോക റിക്കാർഡ് പട്ടികയിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തലായാണ് ബിഗ് സല്യൂട്ട് പരിപാടി ലോക റിക്കാർഡ് ബുക്കിൽ ഇടംനേടിയത്.
തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 7500ഓളം പേരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി തൽസമയം തന്നെ ലോകജനതയ്ക്ക് മുന്നിലെത്തി. ആയിരത്തോളം കുട്ടികൾ ബിഗ് സല്യൂട്ട് ടു ദി എന്റയർ വേൾഡ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ മാതൃകയിൽ അണിനിരന്നു. 5400ഓളം പേരാണ് ബിഗ് സല്യൂട്ട് കേരള എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഇന്നലെ ഉച്ചവരെ രജിസ്റ്റർ ചെയ്തിരുന്നത്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി.
പരിപാടിയിൽ താര ദന്പതികളായ ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും പങ്കെടുത്തു. ലോക നടപ്പുദിനത്തോടും ടൂറിസം ദിനത്തോടും അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്നാരംഭിച്ച കൂട്ട നടത്തം പി.ജെ. ജോസഫ് എംഎൽഎ ഫ്ളാാഗ് ഓഫ് ചെയ്തു. ജനങ്ങളോടൊപ്പം ജോയ്സ് ജോർജ് എംപി, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ജനപ്രതിനിധികൾ എന്നിവരും പങ്കാളികളായി. തുടർന്ന് തെക്കുംഭാഗം ക്രിക്കറ്റ് മൈതാനത്തു എത്തിയ ജനങ്ങളും ബിഗ് സല്യൂട്ട് മാതൃകയിൽ നിന്ന കുട്ടികളുടെ കൂടെ ചേർന്നു. പരിപാടി ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. സംഘബോധം ഉൗട്ടിഉറപ്പിച്ചുകൊണ്ട് ഒരു നാടിന്റെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പരിശ്രമമാണ് നടന്നത്. അതിജീവനത്തിനു കരുത്തേകാൻ ബിഗ് സല്യൂട്ട് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ എ. ഷറഫ്, സ്വച്ഛ് ഭാരത് മിഷൻ ഇന്റർനാഷണൽ മീഡിയ ഓഫീസറും ഖാൻസ് മീഡിയ സിറ്റി പ്രസിഡന്റുമായ ഡോ. മുഹമ്മദ് ഖാൻ, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്, സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് കെ.എൽ. ജോസഫ്, ആർഡിഒ എം.പി. വിനോദ്, ഡി വൈഎസ്പി കെ.പി. ജോസ്, തൊടുപുഴ തഹസിൽദാർ വിനോദ് രാജ്, ബിസിസിഐ മുൻ സെക്രട്ടറി ടി.സി. മാത്യു, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണ് മിനി മധു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, വെള്ളിയാമറ്റം ബ്ലോക്ക് പ്രസിഡന്റ് ഷൈനി അഗസ്റ്റിൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ നേതാക്കളും പങ്കെടുത്തു. ബിഗ് സല്യൂട്ട് ലോക റിക്കാർഡ് നേടിയതിന്റെ രേഖ പ്രതിനിധികൾ ജില്ലാ കളക്ടർ കെ.ജീവൻബാബു, ജോയ്സ് ജോർജ് എംപി എന്നിവർക്ക് കൈമാറി.
ബിഗ് സല്യൂട്ടിൽ അതിഥികളായി എത്തിയ ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും കുട്ടികൾക്കും മുതിർന്നവർക്കും ആശംസകൾ നേർന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുതല നേതാക്കളെയും ഉദ്യോഗസ്ഥരെയും പരിപാടിയിൽ അഭിനന്ദിച്ചു. എസ്ജിഎസ്ടി വകുപ്പ് 29 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങിൽ കൈമാറി. കൂടാതെ വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഭാവന നൽകി.
ബിഗ് സല്യൂട്ടിന് താരപരിവേഷം നൽകി ഇന്ദ്രജിത്തും പൂർണിമയും
തൊടുപുഴ: പ്രളയദുരിതത്തിൽ ഒപ്പം നിന്നവർക്ക് ആദരം അർപ്പിക്കാനായി സംഘടിപ്പിച്ച ബിഗ് സല്യൂട്ട് പരിപാടിക്ക് പൊലിമയേകി താര ദന്പതികളായ ഇന്ദ്രജിത്തും പൂർണിമയുമെത്തി.
പ്രളയക്കെടുതികൾക്കു ശേഷം നടന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മലയാളത്തിലെ തിരക്കുള്ള നടനായ ഇന്ദ്രജിത്തും നടിയും അവതാരകയുമായ പൂർണിമയും.
പ്രളയത്തിനു ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചി കേന്ദ്രമായി രൂപം കൊണ്ട അൻപൊട് കൊച്ചിയുടെ സജീവ പ്രവർത്തകരായിരുന്നു ഇരുവരും. പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇരുവരും പറഞ്ഞു.
ഹർഷാരവത്തോടെയാണ് ചടങ്ങിനെത്തിയ ജനങ്ങൾ താര ദന്പതികളെ സ്വീകരിച്ചത്.