സർക്കസിനിടെ കടുവയ്ക്ക് പേശിവലിവുണ്ടായ കടുവയ്ക്കു നേരെ പരിശീലകർ ക്രൂരത കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വേദനാജനകമാകുന്നു. റഷ്യയലാണ് സംഭവം. അഗ്നിവളയങ്ങൾക്കുള്ളിൽ കൂടി കടുവകളെ രണ്ടു പരിശീലകർ ചാടിക്കുന്നതാണ് വീഡിയോയിൽ ആദ്യം.
അൽപ്പ സമയത്തിനുള്ളിൽ ഇതിൽ ഒരു കടുവയ്ക്ക് പേശിവലിവുണ്ടായതിനെ തുടർന്ന് നിലത്ത് വീണുവെങ്കിലും പരിശീലകരിലൊരാൾ കൈയ്യിലിരുന്ന വടികൊണ്ടു കുത്തി കടുവയെ എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു.
കഠിനമായ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന കടുവയുടെ ശരീരത്തിൽ വടികൊണ്ടു കുത്തിയും വാലിൽ പിടിച്ചു വലിച്ചും പരിശീലകൻ ദ്രോഹം തുടർന്നു. പിന്നീട് മറ്റൊരാളും വന്ന് കടുവയുടെ ശരീരത്തിൽ വെള്ളം ഒഴിച്ച് എണീപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും കടുവ അതിനു സാധിക്കാതെ തറയിൽ കിടക്കുകയായിരുന്നു.
പിന്നീട് പരിശീലകൻ കടുവയെ വാലിൽ പിടിച്ച് തറയിൽ കൂടി വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. വീണ്ടും ശരീരത്തിൽ വെള്ളം ഒഴിക്കുമ്പോൾ കടുവ എണീക്കുകയായിരുന്നു. കാണികളിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് മൃഗങ്ങൾക്കു നേരെ ക്രൂരത ചെയ്തതിന് ഈ പരിശീലകർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.