ന്യൂഡൽഹി: ഡൽഹിയിൽ വീട്ടു ജോലിക്കാരിയെ പീഡിപ്പിക്കുകയും ഇവരുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കരസേന മേജർക്കെതിരെ പോലീസ് കേസെടുത്തു. ഡൽഹി കന്റോൺമെന്റിൽ താമസക്കാരനായ മേജർ ഗൗരവിനെതിരെയാണ് കേസെടുത്തത്.
രണ്ടു വയസുള്ള മകന്റെ അമ്മയാണ് പരാതിക്കാരി. സംഭവദിസം രാത്രിയിൽ യുവതിയുടെ ഭർത്താവിനെ പുറത്തേയ്ക്കു പറഞ്ഞുവിട്ടതിനു ശേഷം ഗൗരവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തതോടെ ഇവരെ മർദിക്കുകയും ഇയാളുടെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു.
ഭർത്താവ് തിരികെ എത്തിയപ്പോൾ യുവതി പീഡനത്തിന് ഇരയായതായി മനസിലാക്കുകയും മേജറുമായി സംഘർഷം ഉണ്ടാകുകയും ചെയ്തു. മേജർ ഇയാളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിൽ ഇയാൾ അറിയിച്ചത്. ഗൗരവിന്റെ വീടിനടുത്താണ് യുവതിയും ഭർത്താവും കഴിയുന്നത്. യുവതി വീട്ട് ജോലികളും ഭർത്താവ് തോട്ടം പരിപാലനവും മറ്റുമാണ് ചെയ്തുവന്നിരുന്നത്.