എടക്കര: മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം ചെയ്തു. കാളികാവിലെ മൂച്ചിക്കൽ മൈലാടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തത്.
സെപ്റ്റംബർ 21നാണ് കാളികാവിലെ വീട്ടിൽ മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരുത ചക്കപ്പാടം റഹ്മാനിയ സുന്നി മജസ്ജിദ് കബർസ്ഥാനിൽ മൃതദേഹം അന്ന് തന്നെ കബറടക്കിയിരുന്നു. എന്നാൽ മുഹമ്മദിന്റെ മൂന്നാമത്തെ ഭാര്യ ഉമ്മുൽ സാഹിറയെയും രണ്ട് ആണ്മക്കളെയും 26ന് പുലർച്ചെ മുതൽ കാണാതായിരുന്നു.
മുഹമ്മദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രണ്ടാം ഭാര്യയിലെ മകൻ മുഹമ്മദ് ജംഷീദ് കാളികാവ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ജംഷീദും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സാഹിറ കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
മുഹമ്മദ് മരിച്ച രാത്രിയിൽ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു. സാഹിറയെ കാണിനില്ലെന്ന് ഇവരുടെ സഹോദരനും പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.
നിലന്പൂർ തഹസിൽദാർ മുരളീധരൻ, മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ലെവിസ് വാസിം എന്നിവരുടെ നേതൃത്വത്തിലുളള സംഘം മരുത മസ്ജിദിൽ പത്ത് മണിയോടെ എത്തിയിരുന്നു. പുറത്തെടുത്ത മൃതദേഹം ജീർണിക്കാത്തതിനെ തുടർന്ന് പോസ്റ്റമാർട്ടം മെഡിക്കൽ കോളജിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
വണ്ടൂർ സിഐ ബാബുരാജൻ, എടക്കര സിഐ സുനിൽ പുളിക്കൻ, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകു, എസ്ഐ ബിനു, എടക്കര എസ്ഐ സജിത്, കാളികാവ് എസ്.ഐ. കുര്യാക്കോസ്, പഞ്ചായത്ത് അംഗം ബിന്ദു എന്നിവർ സ്ഥലത്തെത്തിയിരുന്നു.