കൽപ്പറ്റ: ലോക പ്രശസ്തമാണ് വയനാടൻ കാപ്പി. പ്രത്യേകിച്ച് റോബസ്റ്റ പരിപ്പ് വറുത്ത് പൊടിച്ച് കാച്ചിയെടുത്താൽ അതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്. കട്ടൻ കാപ്പി, ചുക്ക് കാപ്പി, മസാല കാപ്പി തുടങ്ങി പണ്ട് മുതലെ നാം കേൾക്കുന്ന കാപ്പി രുചികൾക്ക് ശേഷമിതാ അറബിക്കയും ചേർത്ത് ഫിൽറ്റർ കോഫിയും വന്നിരിക്കുന്നു.
കാപ്പിയുടെ ഏത് രുചിയും അറിയാൻ തിങ്കളാഴ്ച കൽപ്പറ്റയിൽ വന്നാൽ മതി. അന്താരാഷ്ട്ര കോഫി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റ ടൗണ് ഹാളിലാണ് കാപ്പി സൽക്കാരം ഒരുക്കിയിട്ടുള്ളത്. വയനാട്ടിലെ കാപ്പി കർഷകർ ചേർന്ന് നബാർഡിന് കീഴിൽ രൂപീകരിച്ച ഉൽപാദക കന്പനിയായ വേവിൻ പ്രൊഡ്യൂസർ കന്പനിയാണ് മുഖ്യ സംഘാടകർ.
രുചിയേറിയ കാപ്പിയുണ്ടാക്കി കഴിഞ്ഞവർഷം കോഫി ബോർഡിന്റെ ഫ്ളേവർ ഓഫ് ഇന്ത്യ ഫൈൻ കപ്പ് ദേശീയ അവാർഡ് നേടിയ മാനന്തവാടി പുതിയിടത്തെ ജ്വാലിനി നേമചന്ദ്രൻ, കാപ്പിയുടെ രുചിയിൽ വൈവിധ്യം തേടി കൊണ്ടിരിക്കുന്ന 15 വർഷമായി സംരംഭകയായ മക്കിയാട് സ്വദേശിനി രമാദേവി, കാപ്പി മേഖലയിലെ ഗവേഷകയും സംരംഭകരുമായ തമിഴ്നാട്ടിൽ നിന്നുള്ള ഡോ.എം. സ്മിത, വയനാടൻ കാപ്പി കയറ്റുമതി ചെയ്ത് കടൽ കടന്ന കാപ്പി രുചിയുടെ ഉടമയായ ശാന്തി പാലക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കാപ്പി സൽക്കാരത്തിൽ വൈവിധ്യമുള്ള രുചിക്കൂട്ടുകൾ തയാറാക്കുന്നത്. ഏറ്റവും രുചിയേറിയ കാപ്പി തയ്യാറാക്കുന്നവരെ കണ്ടെത്താൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ മത്സരവും ഉണ്ട്. കോഫി ബോർഡിന്റെ സാങ്കേതിക സഹായത്തോടെ അറബിക്കയും റോബസ്റ്റയും പ്രത്യേക അനുപാതത്തിൽ ബ്ലെൻഡ് ചെയ്ത് വേവിൻ ഉൽപാദക കന്പനി വിപണിയിലെത്തിച്ച ഫിൽട്ടർ കാപ്പിയായ വിൻകോഫിയുടെ പുതിയ രുചിയും പരിചയപ്പെടുത്തുന്നുണ്ട്. കാപ്പി ദിനാചരണത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് സമ്മാനങ്ങളും സംഘാടകർ കാത്തു വച്ചിട്ടുണ്ട്. സൗജന്യ പ്രവേശനമായതിനാൽ ആർക്കും പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടുതൽ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കോഫി ബോർഡിന്റെയും നബാർഡിന്റെയും സഹകരണത്തോടെ അഗ്രികൾച്ചർ വേൾഡ് വികാസ് പീഡിയ എന്നിവരുമായി ചേർന്നാണ് വയനാട് കാപ്പിയുടെ പ്രചാരണത്തിനായി കാപ്പി സൽക്കാരം ഒരുക്കുന്നത്.