തലശേരി: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം വന്‍ തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിനിരയായി. നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപ.
തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണികളായ ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബീഹാറിലെ ബഹിയാവാൻ ഗ്രാമത്തില്‍ നിന്നും ഗ്രാമമുഖ്യന്റെ സഹായിയായ പ്രതിയെ ബീഹാറിലെ സായുധ സേനയുടെ സഹായത്തോടെ ഗ്രാമം വളഞ്ഞ് അതിസാഹസികമായി തലശേരി പോലീസ് പിടികൂടി.
ബീഹാര്‍ സരണ്‍ ജില്ലയിലെ ചപ്ര മഹമ്മൂദ് ചൗക്കിലെ ബഹിയാവാനിലെ സയ്യിദ് ജോഹര്‍ ഇമാം (28), കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്ഷന് എസ്.രാജ് (30) എന്നിവരെയാണ് തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം തലശേരി കോസ്റ്റല്‍ എസ്ഐ എം.വി ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.രാജീവന്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍.എ ശ്രീജേഷ്കുമാര്‍ എന്നിരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തലശേരി എഎസ്പിയുടെ ബാച്ച് കാരനായ ബീഹാര്‍ സിവാന്‍ എഎസ്പി ഖണ്ഠേഷിന്റെ നേതൃത്വത്തിലുള്ള ബീഹാറില്‍ നിന്നുള്ള സായുധ സേനയുടെ സഹായത്തോടെയാണ് മുഖ്യ പ്രതിയായ ജോഹര്‍ ഇമാമിനെ ഗ്രാമത്തില്‍ നിന്നും കേരള പോലീസ് പിടികൂടിയത്.ജോഹര്‍ ഇമാമില്‍ നിന്നും പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ എന്നീ ബാങ്കുകളുടെ പത്ത് എടിഎം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലുള്ളവരാണ് പരാതിക്കാരിലേറെയും.ഉദ്യോഗാര്‍ഥികളെ ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം വലയില്‍ വീഴ്ത്തിയിരുന്നത്. തലശേരിയില്‍ മാത്രം ഇരുപത്തിയഞ്ചിലേറെ പേര് ഇതിനകം പരാതിയുമായി എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ക്യാമ്പില്‍ വിവിധ തസ്തികകളിലേക്കാണ് വീസ വാഗ്ദാനം ചെയ്യുന്നത്.
ഒന്നര ലക്ഷം രൂപയാണ് വീസക്ക് നല്‍കേണ്ടത്. നാല്പതിനായിരം രൂപ അഡ്വാന്‍സായി നല്‍കുകയും ബാക്കി തുക ജോലി ലഭിച്ച ശേഷം നല്‍കണമെന്നുമാണ് കരാര്‍. നാല്പതിനായിരം രൂപ സംഘം നിര്‍ദ്ദേശിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിന്റെ മുദ്രയോട് കൂടിയ വ്യാജ വീസ ഉദ്യോഗാർഥിക്ക് ലഭിക്കും.
ഇതോടെ തട്ടിപ്പ് സംഘം മുങ്ങും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യാ എന്നീ ബാങ്കുകളുടെ ബീഹാറിലേയും ഉത്തര്‍ പ്രദേശിലേയും അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് കണ്ടെത്തിയ പോലീസ് സംഘം ബീഹാറിലേക്ക് തിരിക്കുകയായിരുന്നു.
എഎസ്പി ചൈത്ര തെരേസ ജോണിന്റെ ബാച്ചുകാരനായ ഖണ്ഠേഷ് കുമാറിന്റെ സഹായത്തോടെ ബഹിയവാന് മഹമ്മൂദ് ചൗക്കിലെ അക്കൗണ്ടിന്റെ ഉടമകളെ കണ്ടെത്തിയ പോലീസ് സംഘം അമ്പരന്നു. അക്ഷരാഭ്യാസമില്ലാത്ത ഗ്രാമീണ കര്‍ഷകരുടെ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്ന് വ്യക്തമായതോടെ പിന്നിലെ കരങ്ങള്‍ തേടി പോലീസ് തിരച്ചില്‍ തുടങ്ങി. ഒടുവിലാണ് ഗ്രാമുഖ്യന്റെ അടുത്ത സഹായിയായ ജോഹര്‍ ഇമാമിനെ പോലീസ് പിടികൂടുന്നത്.
ഗ്രാമീണരുടെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാര്‍ഡും പിന് നമ്പറും കൈയിൽ വെച്ച ജോഹര്‍ ഇമാം പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ദില്ഷന് രാജ് വഴി ഉദ്യോഗാര്‍ഥികളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ജോഹര്‍ ഇമാമിനെ ചോദ്യം ചെയതതോടെയാണ് അന്വേഷണം കൊട്ടാരക്കരയിലേക്കും നീണ്ടത്. ദില്ഷന് രാജിനെ കൂടാതെ നിരവധി പേര് ഈ ശൃംഖലയിലെ കണ്ണികളാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ന്യൂ മാഹി സ്വദേശി പ്രവീണ്‍രാജിന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇപ്പോള്‍ നടന്നിട്ടുള്ളത്. രണ്ടുപേരേയും എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.