എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: പി കരുണാകരനൊഴികയുള്ള സിറ്റിംഗ് എം.പി മാരോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കാൻ സി.പി.എം നിർദ്ദേശം. ചാലക്കുടിയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ഇന്നസെന്റ് അനാരോഗ്യം കാരണം മത്സരിക്കാനില്ലെന്ന് സി.പി.എം -എൽ.ഡി.എഫ് നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.
തുടർച്ചയായി മൂന്നു തവണയിലധികം എം.പിയായതും പ്രായാധിക്യവും കാരണം സ്വയം മാറി നിൽക്കാനുള്ള സന്നദ്ധത അറിയിച്ചതിനാലാണ് കാസർഗോഡ് എം.പിയായ പി കരുണാകരൻ ഒഴിവാകാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ആറ്റിങ്ങലിൽ എ .സന്പത്തും ആലത്തൂരിൽ പി.കെ ബിജുവും കണ്ണൂരിൽ പി.കെ ശ്രീമതിയും പാലക്കാട് എം.ബി രാജേഷും സ്ഥാനാർഥികളാകുമെന്ന് ഉറപ്പാണ്.
ഇവരോട് മത്സരിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങാൻ സി.പി.എം അനൗദ്യോഗികമായി അറിപ്പു നൽകി കഴിഞ്ഞു. എ.സന്പത്ത് മൂന്നു തവണ എം.പിയായെങ്കിലും ഇത്തവണയും മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിംഗ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ കമ്മറ്റികളോട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനുള്ള നിർദ്ദേശവും നൽകി കഴിഞ്ഞു.
സ്ഥാനാർഥികൾ സിറ്റിംഗ് എം.പി മാരാണെന്ന സൂചന നൽകിയതോടെ ബൂത്ത് തല തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ വോട്ടർമാരെ ചേർക്കലും പരമാവധി ആൾക്കാരെ തങ്ങളുടെ പക്ഷത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വോട്ടർമാരുടെ ലിസ്റ്റും ഒഴിവാക്കേണ്ടവരുടെ ലിസ്റ്റും ബൂത്തു തലത്തിൽ തന്നെ കണ്ടെത്താൻ വീടുകൾ കയറിയുള്ള സ്ക്വാഡു വർക്ക് ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാർഥികളാണെന്ന സൂചന നൽകിയതോടെ ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പരമാവധി പൊതുപരിപാടികൾ പങ്കെടുത്ത് വോട്ടർമാരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമങ്ങൾ സ്ഥാനാർഥികളാകുമെന്ന് ഉറപ്പായതോടെ സിറ്റിംഗ് എം.പിമാരും ആരംഭിച്ചിട്ടുണ്ട്. കാസർഗോട്ടും ചാലക്കുടിയിലും പുതിയ സ്ഥാനാർഥി ലിസ്റ്റു നൽകാനും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കാനും ജില്ലാ കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്നു പേരുടെ ചുരുക്ക പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നസെന്റ് മത്സരിക്കുന്നില്ലെങ്കിൽ പാർട്ടി ചിഹ്നത്തിൽ സി.പി.എം സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന ആഗ്രഹമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. തൃശൂർ മുൻ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ പേരാണ് ജില്ലാ നേതൃത്വത്തിന്റെ മനസിൽ.
ഇടുക്കിയിലെ സിറ്റിംഗ് എം.പി ജോയിസ് ജോർജ്ജിന്റെ കാര്യത്തിലാണ് അശയക്കുഴപ്പം നിലനിൽക്കുന്നത്. ജോയിസിനെ തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് ഇടുക്കി ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനായിരിക്കും പ്രാമുഖ്യം.
തൃശൂരിൽ സിറ്റിംഗ് എം.പി സി.എൻ ജയദേവൻ തന്നെ സി.പിഐ സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കണ്ടെത്തി എത്രയും വേഗം ലിസ്റ്റ് സമർപ്പിക്കാനാണ് എൽഡിഎഫ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും വോട്ടർമാരെ ചേർക്കലും വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബ്രാഞ്ച് തലത്തിൽ തന്നെ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ഇക്കുറി പരമാവധി പേരെ വിജയിപ്പിച്ച് ലോക്സഭയിൽ എത്തിക്കാനുള്ള തീവ്രശ്രമം നടത്തണമെന്ന നിർദ്ദേശമാണ് സി.പിഎം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. പുതുമുഖങ്ങൾക്കും സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രശസ്തരായവരേയും ഇത്തവണയും പല മണ്ഡലങ്ങളിലും പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
വനിതാ പ്രാമുഖ്യം വർധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളടക്കം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പല അപ്രതീക്ഷിത സ്ഥാനാർഥികളേയും പ്രതീക്ഷിക്കാമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്.