കൊച്ചി: കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ ( മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ ) സംബന്ധിച്ച് വിലയിരുത്തലുകൾക്കായി എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് എത്തുന്നു. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്ത് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട നടന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്വേഷണ പുരോഗതി അറിയുന്നതിനുമായി എക്സൈസ് കമ്മീഷ്ണർ നേരിട്ടെത്തുന്നത്. അതിനിടെ, മയക്കുമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ എക്സൈസ് സംഘം തിരിച്ചറിഞ്ഞു.
ഇതിൽ ഒരാൾ കൊച്ചിക്കാരനാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എറണാകുളം ഡിവിഷണൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
200 കോടിയുടെ 32 കിലോ തൂക്കം വരുന്ന എംഡിഎംഎ എറണാകുളം എംജി റോഡിൽ ഷേണായീസിനു സമീപം പ്രവർത്തിക്കുന്ന കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിൽനിന്നു കഴിഞ്ഞ ശനിയാഴ്ചയാണ് എക്സൈസ് സംഘം പിടികൂടിയത്.
എട്ടു പാർസൽ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയിൽ കാർബണ്ഷീറ്റുകൾ പൊതിഞ്ഞ നിലയിൽ 64 പാക്കറ്റുകളിലാണ് എംഡിഎംഎ കണ്ടെടുത്തത്.