ഗാന്ധിനഗർ: യുവാവിന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിക്കുന്പോൾ അണുബാധയേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഹൃദ്രോഗമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ യുവാവ് ഡിസ്ചാർജ് ചെയ്യാനിരിക്കെ മരിച്ച സംഭവത്തിൽ ആകെ ദുരൂഹത.
വൈക്കം വെച്ചൂർ വെളളിയാംപള്ളിൽ ബാബുവിന്റെ മകൻ ബിബിൻ(28) ആണ് ശനിയാഴ്ച രാത്രി 8.30ന് പുരുഷന്മാരുടെ മെഡിസിൻ വിഭാഗമായ രണ്ടാം വാർഡിൽ ചികിത്സയിലിരിക്കെ മരിച്ചത.് 13 ദിവസമായി ബിബിൻ ഇവിടെ ചികിത്സയിലായിരുന്നു. പനി ബാധിച്ചാണ് ചികിത്സ തേടിയെത്തിയത്.
അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാത്രി 8.30ന് ജൂണിയർ ലേഡി ഡോക്ടർ എത്തി ബിബിനെ കുത്തിവച്ചു. അതിനുശേഷം ബിബിൻ ശാരീരിക ബുദ്ധിമുട്ട് പ്രകടപ്പിച്ചു. വിവരം ഡോക്ടർമാരെ അറിയിച്ചെങ്കിലും ആരുമെത്തിയില്ല. പീന്നിട് മറ്റൊരു പുരുഷ ജൂണിയർ ഡോക്ടർ എത്തി കേസ് ഷീറ്റ് എടുത്തു കൊണ്ടുപോയി.
രോഗിയുടെ നില വഷളാകുന്നത് കണ്ട് സമീപത്തുള്ള രോഗികളുടെ ബന്ധുക്കൾ ബഹളമുണ്ടാക്കി. ഈ വാർഡിൽ ഉണ്ടായിരുന്ന മറ്റൊരു യൂണിറ്റിലെ ഡോക്ടർമാരെത്തി ബിബിനെ പരിശോധനാ മുറിയിലേക്ക് മാറ്റിയെങ്കിലും ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണപ്പെട്ട വിവരം ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചതോടെ വാർഡിൽ ബഹളമായി. തുടർന്ന് ഗാന്ധിനഗർ എസ്ഐ അനൂപ് ജോസ് സ്ഥലത്തെത്തി.
വീട്ടുകാർക്ക് മരണത്തിൽ സംശയമുണ്ടെന്ന ആക്ഷേപമുള്ളതിനാൽ പോലീസിൽ പരാതി നൽകിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പരാതിയുള്ളതിനാൽ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അണുബാധയാണ് ബിബിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രഫ. ഡോ. സന്തോഷ് ജോയി പറഞ്ഞത്. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അത് പ്രത്യേകസംഘമാണ് അന്വേഷിക്കേണ്ടതെന്നും ഫോറൻസിക് വിഭാഗം പറയുന്നു. എന്നാൽ ബിബിനു പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഹൃദ്രോഗമാണ് മരണത്തിനു കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബിബിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.