വൈശാലിയില്‍ ഋഷിശൃംഗനായി അഭിനയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് നടന്‍ മനോജ് കെ ജയന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജ് കെ ജയന്‍ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…”ഭരതേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ഭ്രാന്തെടുത്ത് ഓടി നടന്ന കാലമുണ്ടായിരുന്നു. 1987-ല്‍ വൈശാലി എന്ന ചിത്രത്തിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രത്തിനായി അദ്ദേഹം പുതുമുഖങ്ങളെ തേടുന്നു എന്നൊരു വാര്‍ത്ത കാണാനിടയായി.എന്റെ സുഹൃത്തായ ജയന്‍ ചെമ്പഴന്തി ഞാന്‍ പല ആംഗിളുകളില്‍ പോസ് ചെയ്തു നില്‍ക്കുന്ന ചില കോപ്രായത്തിലുള്ള ചിത്രങ്ങള്‍ അയച്ചു. ഒരു കാര്യവുമില്ല. ഈ പടം കണ്ടാല്‍ ഒരിക്കലും ഋഷ്യശൃംഗനായി അദ്ദേഹം എടുക്കില്ല എന്നറിയാം. അത്തരം ചിത്രങ്ങളായിരുന്നു അത്. ആയിരക്കണക്കിന് ഫോട്ടോകളുടെ കൂടെ അത് മണ്‍മറഞ്ഞു. മനോജ് കെ ജയന്‍ പറഞ്ഞു.
‘പിന്നീട് 1988-ല്‍ പ്രണാമം എന്നൊരു സിനിമ അദ്ദേഹം ചെയ്യാന്‍ അദ്ദേഹം പദ്ധതിയിട്ടു. മമ്മൂക്ക, സുഹാസിനി അശോകന്‍ തുടങ്ങിയവരൊക്കെ ആയിരുന്നു ആ ചിത്രങ്ങളില്‍. തിരുവല്ലയിലായിരുന്നു ഷൂട്ടിങ്ങ്. അതിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രത്തില്‍ പരസ്യം കണ്ടു. ചിത്രത്തിന്റെ നിര്‍മാതാവായ ജോയ് തോമസിന്റെ അനുജന്‍ ജിമ്മി തോമസും ഞാനും സുഹൃത്തുക്കളായിരുന്നു. അങ്ങനെ ജിമ്മിച്ചായന്‍ എന്നെയും കൂട്ടി തിരുവല്ല എലൈറ്റ് ഹോട്ടലിലെത്തി.
അവിടെ ചെറുപ്പക്കാരുടെ ബഹളം. അവരുടെ കൂടെ ഞാനും നിന്നു. എന്റെ ഊഴമെത്തി അകത്ത് ചെന്നപ്പോള്‍ ഭരതേട്ടന്‍, എഴുത്തുകാരന്‍ ഡെന്നിസ് ജോസഫ് എന്നിവരൊക്കെ ഇരിക്കുന്നു. അവിടെ വച്ച് ആരോ ഞാന്‍ ജയ-വിജയന്മാരുടെ മകനാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. അറിയിക്കാം എന്നു പറഞ്ഞ് അദ്ദേഹം എന്നെ വിട്ടു. പക്ഷേ അവിടെയും ചാന്‍സ് കിട്ടിയില്ല.
അശോകനെക്കാള്‍ ഉയരം കുറവുള്ളയാളെ വേണമെന്നായിരുന്നു കാരണമായി പറഞ്ഞത്. പക്ഷേ അതു എന്നെ ഒഴിവാക്കാനുള്ള കാരണം മാത്രമായിരുന്നെന്ന് എനിക്ക് മനസ്സിലായി.”അതിനു ശേഷമാണ് ഞാന്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നത്. പല സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ ദളപതി ചെയ്തു മലയാളത്തില്‍ സര്‍ഗം ചെയ്തു. അങ്ങനെ ഒടുവില്‍ ഭരതേട്ടന്റെ വിളി ഇങ്ങോട്ടു വന്നു. അങ്ങനെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുക എന്ന മോഹം പൂവണിഞ്ഞു.’ മനോജ് കെ. ജയന്‍ പറഞ്ഞു.