ചാരുംമൂട്: സിപിഎം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. മനോജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർസെൽ അന്വേഷണം തുടങ്ങി. മനോജ് നൂറനാട് പോലീസിലും സൈബർ സെല്ലിലും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
ഫേസ് ബുക്കിലെ ഫേക്ക് ഐഡിയിലൂടെ ആണ് പ്രചാരണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറ്റൂർ സ്വദേശിയായ യുവാവിനൊപ്പം ഇടപ്പോണ്‍ സ്വദേശിനിയായ വീട്ടമ്മ ഇറങ്ങിപ്പോയത്.
എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പം വീട്ടമ്മ ഇറങ്ങിപ്പോയി എന്ന രീതിയിൽ വീഡിയോയും ചിത്രങ്ങളും നൽകി വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചാരണം വ്യാപകമാകുകയായിരുന്നു.
വീട്ടമ്മയെ കൊണ്ടുപോയ യുവാവ് ബിജെപി പ്രവർത്തകനാണെന്നും ഇത് മറച്ചുവച്ച് സിപിഎമ്മിനെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയേയും ആക്ഷേപിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സിപിഎം ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ മനോഹരൻ ആരോപിച്ചു.
ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെയാണ് വ്യാജ പ്രചാരണം നടത്തുന്നത്. സിപിഎമ്മിനെ തകർക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ എന്നാൽ ഇത്തരം നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും വ്യാജ പ്രചാരണം നടത്തുന്ന പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.