ആലപ്പുഴ: നഗരത്തിൽ വീണ്ടും വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം. സനാതനപുരം വാർഡിലാണ് കഴിഞ്ഞദിവസം പുലർച്ചെയോടെ മോഷണം നടന്നത്. വീടിന്റെ അടുക്കള വാതിൽ ഇരുന്പുപാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ദന്പതികളുടെ കഴുത്തിൽ നിന്നും മാല കവർന്നു.
ഭാര്യയുടെ അഞ്ച്പവൻ വരുന്ന മാല കൈവശപ്പെടുത്തിയശേഷം ഭർത്താവിന്റെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നതിനുള്ള ശ്രമത്തിനിടെ ഉണർന്നു ബഹളം വച്ചതോടെ മാലയുടെ ഒരു ഭാഗവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ വാതിലുകൾ എല്ലാംതുറന്നിട്ടശേഷമായിരുന്നു മോഷണം.
സമീപത്തെവീട്ടിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് ദന്പതികളുടെ വീട്ടിൽ എത്തുകയായിരുന്നവെന്നാണ് നിഗമനം. പാരയിൽ തുണി ചുറ്റിയശേഷം അടുക്കള വാതിൽ കുത്തിത്തുറക്കുകയായിരുന്നു.ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി. ആഴ്ചകൾക്ക് മുന്പ് തുന്പോളിയിലെ വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. മോഷണം സംബന്ധിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങൾ വർധിച്ച സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് പോലീസ് ശക്തമാക്കുന്നു. അന്പലപ്പുഴ- ചേർത്തല താലൂക്കുകളിലായി കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കിടെ നിരവധി മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്. സാധാരണ പോലീസ് സ്റ്റേഷനുകളിലെ പെട്രോളിംഗ് സംഘത്തെകൂടാതെ അധികമായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഒരേ റൂട്ടിൽ നിശ്ചിത ഇടവേളകളിൽ വീണ്ടുമെത്തുന്ന തരത്തിലാണ് പെട്രോളിംഗ് നടത്തുന്നത്. ജീപ്പുകളിൽ എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിൽ ബൈക്കുകളിൽ നിരീക്ഷണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സ്ഥലത്തെപ്പറ്റി വ്യക്തമായി മനസിലാക്കിയശേഷം മോഷണം നടത്തുകയും ഇടറോഡുകളിലൂടെയടക്കം മോഷ്ടാക്കൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ റെസിഡൻസ് അസോസിയേഷനുകളടക്കമുള്ളവയുടെ സഹകരണവും പോലീസ് ഉപയോഗിക്കുന്നുണ്ട്.