നെല്ലിയാന്പതി: ഇന്ന് പെയ്ത കനത്ത മഴയിൽ നെല്ലിയാന്പതി വീണ്ടും ഒറ്റപ്പെട്ടു.പോത്തുണ്ടി നെല്ലിയാന്പതി റോഡിൽ ചെറുനെല്ലിയിലും സമീപമായും ഇന്നു പുലർച്ചെപെയ്ത കനത്ത മഴയിൽ മണ്ണു ഇടഞ്ഞു വീഴുകയും മരങ്ങൾ കടപുഴകി വീണും വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.
മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസമായതിനാൽ ബിഎസ്എൽഎൽ ടവർ പ്രവർത്തിക്കാതായതോടെ പുറം ലോകവുമായി ബന്ധപ്പെടുവാൻ കഴിയാത്ത സ്ഥിതിയിലാണ്.നെല്ലിയാന്പതി തോട്ടം മേഖലയിലെ തൊഴിലാളികളും അവധി ദിനം കഴിഞ്ഞ് ഇന്ന് രാവിലെ നെല്ലിയാന്പതിയിലെത്താൻ കഴിയാത്ത സ്ഥിതിയിലാണ്. നെന്മാറയിലും മറ്റും വന്നു പോകുന്ന വിദ്യാർത്ഥികളുടെ യാത്രയും വലച്ചു.
ശക്തമായി മഴ പെയ്താൽ വീണ്ടും മണ്ണിടിയാൻ കാരണമാകുമെന്നും അപകട സാധ്യത കൂടുതലാണെന്നതിനാൽ നെല്ലിയാന്പതി നിവാസികൾ ഭീതിയിലാണ്. ദിവസങ്ങൾക്കു മുന്പാണ് വിനോദ സഞ്ചാരികളെ വനം വകുപ്പ് പോത്തുണ്ടിയിൽ നിന്നും നെല്ലിയാന്പതിയിലേയ്ക്ക് കടത്തിവിട്ടിരുന്നത്.
താൽകാലികമായി വീണ്ടും വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുമോ എന്ന സാഹചര്യവും ഉണ്ടാകും. പാതയോരങ്ങളിൽ മരം വീണ് ഗതാഗതം മുടങ്ങുന്നതും, മണ്ണിടിഞ്ഞ് വീണ് യാത്ര നടത്താൻ പറ്റാതായതുമാണ് നെല്ലിയാന്പതിക്കാരുടെ ദുരിതത്തിന് കാരണമാകുന്നത്.