മണ്ണാർക്കാട്: സിപിഎമ്മും സിപിഐയും നേർക്കുനേർ പോരാടിയ കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ മുന്നണിയെ തോല്പിച്ച് സിപിഎം മുന്നണി വൻവിജയം നേടി. മുന്നണി സമവാക്യം മാറ്റിമറിച്ച് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇവിടെ.
സിപിഐയിൽനിന്ന് പുറത്താക്കിയ മുൻസംഘം പ്രസിഡന്റ് പി.പ്രഭാകരൻ ഉൾപ്പെട്ട സിപിഎമ്മിന്റെ ഇടതുപക്ഷ സഹകരണമുന്നണി പാനലും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണി പാനലും തമ്മിലാണ് മത്സരമുണ്ടായത്.
രണ്ടരപതിറ്റാണ്ടിലേറെയായി സിപിഐയുടെ അധീനതയിലുള്ള ജില്ലയിലെ ഏക സഹകരണസംഘമായിരുന്നു ഇത്.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന പി.പ്രഭാകരനും സിപിഐ നേതൃത്വവും തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ് പ്രഭാകരനെതിരേ പാർട്ടി നടപടിക്ക് കാരണമായത്.
ഏതാനുംമാസങ്ങൾക്കുമുന്പ് സംഘത്തിന്റെ പ്രസിഡന്റായിരുന്ന പി.പ്രഭാകരനെ സിപിഐയിൽനിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സിപിഎമ്മിനോടൊപ്പം കൂടിയാണ് ഇവിടെ മത്സരിച്ചത്.ആകെയുള്ള 10,160 വോട്ടർമാരിൽ 5230 പേരാണ് വോട്ടുചെയ്യാനെത്തിയത്. 51.47 ശതമാനമാണ് പോളിംഗ്. 11 അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയിലുള്ളത്.
ഇടതുപക്ഷ സഹകരണമുന്നണി സ്ഥാനാർഥികളായ എൻ.അജീഷ് കുമാർ, വി.മോഹൻദാസ്, സി.പി.അനിൽകുമാർ, ഉസ്മാൻ, പി.പ്രഭാകരൻ, കെ.ബാലൻ, എ.നിഷാദ്, പി.കെ.ശാന്തകുമാരി, പി.എം.ബിന്ദു, പി.എം.ഉമാദേവി, അനൂപ് എന്നിവരടങ്ങുന്ന പാനലാണ് വിജയിച്ചത്.
ഇതിൽ സിപിഎമ്മിലെ പി.പ്രഭാകരന് 2950 വോട്ട് ലഭിച്ചപ്പോൾ സിപിഐയിലെ പി.മണികണ്ഠന് 1845 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ അനൂപിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.പി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള സിപിഎം മുന്നണിയാകട്ടെ 1112 പാനൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിപിഐയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിലവിലെ കാലാവധി തീരുന്നതിന്റെ ഏതാനുംമാസംമുന്പ് പ്രസിഡന്റ് അടക്കമുള്ള നാലു ഡയറക്ടർമാർ രാജിവച്ചതോടെയാണ് ബോർഡ് പിരിച്ചുവിട്ടത്. പിന്നീട് ഇവർ സിപിഎമ്മിനൊപ്പം ചേർന്നു.