മുക്കം : കാരശ്ശേരി ചീപ്പാൻകുഴി പടക്കേംപാടത്തു വീണ്ടും പൊൻകതിർ വിളയും. കഴിഞ്ഞ വർഷം ഗെയില്‍ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ മുടങ്ങിയ വയൽകൃഷി, നാടിന്റെ കൂട്ടായ്മയില്‍ പുനരാരംഭിച്ചു. കൃഷിമുടങ്ങിയപ്പോൾ ഉണ്ടായ സങ്കടങ്ങളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പിന്റെ ആവേശം പകുരുന്നതായിരുന്നു ഞാറ് നടൽ .
യൂണിഫോം ധാരികളായ കൊച്ച് കുട്ടികൾ പാടം നിറയെ ഞാറുനടാൻ ഇറങ്ങിയത് ഉത്സവ കാഴ്ച്ചയൊരുക്കി. കാരശ്ശേരി എച്ച്എൻസികെഎയുപി.സ്കൂളിലെ 100 ഓളം കുട്ടികളും റ്റിബിയാൻ നഴ്സറി സ്കൂളിലെ 40 കുട്ടികളു മാണ് നാട്ടുകാർക്കൊപ്പം പാടത്ത് ഇറങ്ങി നാടിന്റെ പഴമക്കാരിയായ മുത്താച്ചിയുടെ നാട്ടിപ്പാട്ടിനൊപ്പിച്ച് ഞാറ് നട്ടത് .
130 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഉമ നെല്ലാണ് വിത്തിട്ടത്. ഞാർ കൊണ്ടുവന്നത് പട്ടാമ്പി കാർഷിക വികസന കേന്ദ്രത്തിൽ നിന്നാണ് . കഴിഞ്ഞ വർഷം ഗെയില്‍ പൈപ്പ് ലൈൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൃഷി തടസ്സപ്പെട്ടിരുന്നു. രണ്ടേക്കർ വയലാണ് ഉണ്ടായിരുന്നത്.
ഗെയില്‍ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ ഇപ്പോൾ ഒരേക്കറോളമേ വയൽകൃഷിക്ക് ലഭിച്ചുള്ളു. മാങ്ങാപ്പൊയിൽ ഗാർഡൻ ആൻഡ് നേഴ്സറി വാട്സപ്പ് കൂട്ടായ്മയാണ് നാടിന്റെ കാർഷിക കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് .