ചങ്ങരംകുളം: സർക്കാർ ഫണ്ട് ഉപയോഗിച്ചു ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിർമാണം തുടങ്ങിയ ബസ്ബേക്ക് റവന്യൂ അധികൃതർ തടസം നിന്നതോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിർമിക്കുന്ന ബസ്ബേ നിർമാണം അനിശ്ചിതത്വത്തിലായി. ഇതിനിടെ ബസ്ബേ നിർമാണത്തിനായി പൊളിച്ചുമാറ്റിയ സ്ഥലത്തു വിദ്യാർഥികൾ ചേർന്നു താൽക്കാലിക ബസ് കാത്തിരിപ്പ് സൗകര്യം ഒരുക്കിയതു ശ്രദ്ധേയമായി.
സംസ്ഥാന പാതയോടു ചേർന്നു ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിലവിലെ ബസ് സ്റ്റോപ്പ് പുതിയ ബസ്ബേ നിർമാണത്തിനായി ഏതാനും ദിവസം മുന്പു പൊളിച്ചു നീക്കിയിരുന്നു. ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കിയതോടെ വിദ്യാർഥികൾ അടക്കം നൂറുക്കണക്കിനു യാത്രികർ പാതയോരത്ത് വെയിലേൽക്കുന്ന അവസ്ഥയറിഞ്ഞു മൂക്കുതല ഹൈസ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് പാതയോരത്ത് താൽകാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ മുന്നോട്ടു വന്നത്.
പിസിഎൻ ജിഎച്ച്എസ്എസ് മൂക്കുതല എൻഎസ്എസ് യൂണിറ്റ് കോ-ഓർഡിനേറ്റർ അഭിലാഷ്, കെ.കെ ലക്ഷ്മണൻ, എം.പി പ്രണവ്, വി.എം ശ്രീഷ്മ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലതികം വിദ്യാർഥികൾ ചേർന്നാണ് ബസ് സ്റ്റോപ്പ് നിർമിച്ചത്. ഇതിനിടെ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ ബസ്ബേ നിർമാണം പിഡബ്ലിയുഡിയും റവന്യൂ വിഭാഗവും തമ്മിലുള്ള തർക്കം മൂലം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
റവന്യൂവിന്റെ കൈവശമുള്ള ഭൂമിയിലാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നതെന്നും ഒരു തരത്തിലുള്ള അനുമതിയും വാങ്ങാതെയാണ് നിർമാണം തുടങ്ങിയതെന്നും ആരോപിച്ച് നിർമാണ സ്ഥലത്ത് നവന്യൂ അധികൃതർ കഴിഞ്ഞദിവസം സർവേക്കല്ല് സ്ഥാപിച്ചതോടെയാണ് പ്രവൃത്തി മുടങ്ങിയത്.
ഏതു വിധേനയും നിർമാണം പൂർത്തീകരിക്കുമെന്നും ആലംകോട് വില്ലേജ് സ്ഥിതി ചെയ്യുന്ന സ്ഥലം കയ്യേറിയതാണെന്നും പിഡബ്ലിയുഡി അധികൃതരും വ്യക്തമാക്കിയതോടെ ഇരു വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. പരിഹാരമായില്ലെങ്കിൽ ബസ്ബേ നിർമാണം മറ്റൊരു സ്ഥലത്തേക്ക് നീക്കി പൂർത്തീകരിക്കാനും ശ്രമം നടക്കുന്നുണ്ട്.