മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്ര വിമാനം ചൊവ്വാഴ്ച വീണ്ടും പരീക്ഷണ പറക്കൽ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പരീക്ഷണ പറക്കലിനെത്തുന്നത്.
രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന ബോയിംഗ് 737-800 വിമാനം 7.45 ഓടെ കണ്ണൂർ വിമാനത്താവള സിഗ്നൽ പരിധിക്കുള്ളിലെത്തും. റൺവേയിൽ ലാൻഡ് ചെയ്യാതെ സിഗ്നൽ പരിധിക്കുള്ളിൽ വട്ടമിട്ടു പറന്നാണ് പരീക്ഷണം നടത്തുക.
25,07 എന്നീ റൺവേകൾക്കു മുകളിലൂടെ മൂന്നു വട്ടം വീതം പറന്നു ഇൻസ്ട്രുമെന്റ് അപ്രോച്ച് പൊസീജ്യറിന്റെ (ഐഎപി ) കൃത്യത ഉറപ്പാക്കും. തുടർന്നു റൺവേയോടു ചേർന്നു താഴ്ന്നു പറന്ന ശേഷം (sച്ച് ആൻഡ് ഗോ) വിമാനം കോഴിക്കോട്ടേയ്ക്ക് തിരിക്കും. ഐഎപി വിജയകരമായി പൂർത്തിയാക്കി റിപ്പോർട്ട് അടുത്ത ദിവസം എയർപോർട്ട് അഥോറിറ്റിക്കു സമർപ്പിക്കും.
കഴിഞ്ഞ മാസം രണ്ടു തവണ യാത്രാവിമാനം വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിക്കാനുള്ള ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസ് അടുത്ത ദിവസം ലഭിക്കുമെന്നാണ് വിവരം.